പ്രതീകാത്മക ചിത്രം
ആറന്മുള: ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരെയും ചലച്ചിത്ര-നാടക പ്രവർത്തകരെയും കലാകാരന്മാരെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന പമ്പ – സാഹിത്യോത്സവത്തിന്റെ പതിനാലാം പതിപ്പ് നാളെ മുതൽ 27 വരെ ആറാട്ടുപുഴ ദി ചാർളി പമ്പ റെമിനിസൻസിൽ നടക്കും.
ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ എസ്ഐഡബ്ല്യുഇയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 11ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പന്പ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ടൂറിസം, മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി, ആന്റോ ആന്റണി എംപി, അബിൻ വർക്കി എംഎൽഎ, ഡോ. സി.എസ്. ലക്ഷ്മി (അമ്പൈ), രാജ്യസഭാംഗവും തമിഴ് എഴുത്തുകാരിയുമായ സൽമ, കവി അൻവർ അലി എന്നിവർ വിശിഷ്ടാതിഥികളാകും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രമുഖ എഴുത്തുകാർ, കവികൾ, വിവർത്തകർ, ചലച്ചിത്ര പ്രവർത്തകർ, നാടകപ്രവർത്തകർ, ഗവേഷകർ, കലാകാരന്മാർ എന്നിവർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കും. സാഹിത്യം, സിനിമ, നാടകം, ജനപ്രിയ സംസ്കാരം, സ്ത്രീപക്ഷ ചിന്ത, വിവർത്തനം, കുട്ടികളുടെ സാഹിത്യം, ചിത്രപുസ്തകങ്ങൾ, പൊതുഇടങ്ങൾ, പെർഫോമിങ് ആർട്സ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ, സംവാദങ്ങൾ, വായനകൾ, കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ കനക ഹാമ വിഷ്ണുനാഥ് അറിയിച്ചു.
മന്ത്രി പി.സി. വിഷ്ണുനാഥുമായി കവികളായ റഫീഖ് അഹമ്മദും ഹരിനാരായണനും പങ്കെടുക്കുന്ന സംവാദവുമുണ്ടാകും. ഫെസ്റ്റിവലിന്റെ ഭാഗമായി ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്റർ അവതരിപ്പിക്കുന്ന എവരിതിംഗ് ഈസ് പൊളിറ്റിക്കൽ എന്ന അവതരണവും കുഹു നാടകവും നിനാസം ബാലഗഅവതരിപ്പിക്കുന്ന യക്ഷഗാനവും സംഗീത, കവിതാ അവതരണങ്ങളും ഉണ്ടാകും.