ചക്കിട്ടപാറ: ജനങ്ങൾക്ക് ആശങ്കയും സംശയവും ഉണ്ടാകാത്ത തരത്തിൽ ചക്കിട്ടപാറ പഞ്ചായത്തിലെ തൂക്കുവേലി നിർമാണം നടത്തുമെന്ന് കോഴിക്കോട് ഡിഎഫ്ഒ എം. ജോഷിൽ വ്യക്തമാക്കി. കൃഷി ഭൂമിയുടെയും വനത്തിന്റെയും അതിർത്തിയിൽ തൂക്കു വേലി സ്ഥാപിക്കുന്നതിൽ ഉയർന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്നലെ ചക്കിട്ടപാറ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ കർഷക പ്രതിനിധികൾ, വനം, കൃഷി വകുപ്പുദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
കൃഷിക്കാരുടെ ഭൂ അതിർത്തിയിൽ തൂക്കു വേലി നിർമിക്കുന്ന ഭാഗം വനാതിർത്തിയായി ഭാവിയിൽ നിർണയിക്കപ്പെടുമോയെന്ന ആശങ്കയാണ് ചർച്ചയിൽ പ്രധാനമായി ഉയർന്നത്.
ഇതിന് അടിസ്ഥാനമില്ലെന്നും കർഷകർക്കും കൃഷിക്കും സംരംക്ഷണം നൽകലാണ് തൂക്കു വേലി നിർമാണമെന്നും ഇത് കൃത്യവും വ്യക്തവുമായ രീതിയിൽ മിനുറ്റ്സിൽ രേഖപ്പെടുത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. തൂക്കു വേലി നിർമാണവുമായി ബന്ധപ്പെട്ട് ചെമ്പനോടയിൽ ഉയർന്നിട്ടുള്ള പ്രശ്നങ്ങൾ വനം, പഞ്ചായത്ത്, റവന്യൂ അധികൃതർ ഭൂ കൈവശക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കാനും യോഗത്തിൽ ധാരണയായി.
തൂക്കു വേലി നിർമാണം വേഗത്തിലാക്കാൻ കരാറുകാർക്ക് നിർദേശം നൽകും. ലക്ഷ്യമിട്ടതിൽ പകുതിയോളം ഭാഗം പൂർത്തിയായി. ഇത് പ്രവർത്തനക്ഷമമാക്കി ശേഷിക്കുന്ന പ്രവർത്തിയും ഉടൻ ആരംഭിക്കും. വന്യമൃഗങ്ങൾ കാരണം നശിച്ച കൃഷിക്കുള്ള നഷ്ടപരിഹാര അപേക്ഷകളിൽ മേൽ ഫണ്ട് ഉടനെ നൽകാൻ നടപടി സ്വീകരിക്കും.
കുരങ്ങുകളടക്കമുള്ള വന്യമൃഗങ്ങൾ കൃഷി ഭൂമിയിലേക്ക് എത്താതിരിക്കാൻ വനാതിർത്തിയിലെ മരക്കൊമ്പുകൾ വനം വകുപ്പിന്റെ അനുവാദത്തോടെ പഞ്ചായത്തും പൊതുജനങ്ങളും ചേർന്ന് സഹകരിച്ച് നീക്കം ചെയ്യും. തെരഞ്ഞെടുപ്പ് ചട്ട നിയന്ത്രണത്തിൽ മാറ്റം വരുന്നതോടെ മുതുകാട് - പയ്യാനിക്കോട്ട ഭാഗത്തെ തൂക്കു വേലി നിർമാണ ടെൻഡർ നടപടി വേഗത്തിൽ പൂർത്തിയാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, പി.സി. സുരാജൻ, കെ.എ. ജോസ് കുട്ടി, ബിന്ദു വത്സൻ, രാജീവ് തോമസ്, ബേബി കാപ്പുകാട്ടിൽ, ആവള ഹമീദ്, ജിൻസി മനോജ്, എ.ജി. രാജൻ, പി.എം. ജോസഫ്, ബാബു കൂനന്തടം, റെജി കോച്ചേരി, എ.ജി. ഭാസ്കരൻ, കർഷക പ്രതിനിധികളായ മാത്യു പേഴ്ത്തിങ്കൽ, മനോജ് കുംബ്ലാനി, കെ.ഡി. മത്തായി, ടോമി മണ്ണൂർ, വി.വി. ഷാജു, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ, ഡെപ്യൂട്ടി റേഞ്ചർ എസ്.എൻ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham construction of the hanging Chakkittapara