തളിക്കുളങ്ങര ക്ഷേത്രം ഓഫീസിനുളളിലെ അലമാരകൾ സൂക്ഷിച്ച മുറി കുത്തിതുറന്ന നിലയിൽ.
തളിക്കുളം: തളിക്കുളങ്ങര ശങ്കരനാരായണ ക്ഷേത്രത്തിൽ ഓഫീസ് കുത്തിത്തുറന്ന് മോഷണം. അര പവൻ സ്വർണപ്പൊട്ടും15,000 രൂപയും സിസിടിവി കാമറയും ഡിവിആറും അപഹരിച്ചു.
ക്ഷേത്രത്തിനു സമീപത്തെ ഓഫീസിന്റെ ഷട്ടർ തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ മേശ കുത്തിത്തുറന്നാണ് പതിനയ്യായിരത്തോളം വരുന്ന പണം കവർന്നത്. ചില്ലറ നാണയങ്ങൾ കവർച്ച ചെയ്തില്ല. തുടർന്ന് ഓഫീസിനുള്ളിലെ മുറിയുടെ താഴ് തകർത്ത് അലമാര കുത്തിപ്പൊളിച്ചാണ് സ്വർണ്ണപ്പൊട്ട് മോഷ്ടിച്ചത്. ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഇന്നലെ പുലർച്ചെ മൂന്നോടെ അടിച്ചു തെളിക്കാരൻ പ്രശാന്ത് എത്തിയപ്പോൾ ഓഫീസ് തുറന്ന നിലയിൽ കണ്ട് ക്ഷേത്ര ഭാരവാഹികളേയും തുടർന്ന് പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. വാടാനപ്പള്ളി പോലീസും ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പോലീസ്നായ നൂറുമീറ്റർ ദൂരെയുള്ള തളിക്കുളങ്ങര കുളം വരെയും തിരിച്ചു വന്ന് ക്ഷേത്രത്തിനു 50 മീറ്റർ കിഴക്ക് വൈദ്യുതി പോസ്റ്റ് വരേയും പോയി നിന്നു.
ഓഫീസിനകത്തെ നിരീക്ഷണ കാമറയും ഡിവിആറും നഷ്ടപ്പെട്ടുവെങ്കിലും സമീപത്തെ ഒരു സ്വകാര്യ കടയുടെ കാമറയിൽ രണ്ടു പേർ കുളക്കരയിലേയ്ക്ക് പോകുന്നതും തിരിച്ചു വരുന്നതിന്റേയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ആളുകളെ വ്യക്തമാകാത്ത നിലയിലാണ്. ഡിവിആറിന്റെ ചില അവശിഷ്ടങ്ങൾ കുളത്തിനു സമീപം കണ്ടെത്തി. എന്നാൽ ഓഫീസിന്റെ താഴ് അപഹരിക്കപ്പെട്ടിട്ടുണ്ട്.
പുലർച്ചെ 1.50 ന് പോലീസ് എത്തി പതിവുപോലെ ക്ഷേത്രത്തിനു പുറത്തു വച്ച പുസ്തകത്തിൽ ഒപ്പിട്ടു പോകുമ്പോൾ നടപ്പുരയിൽ ലൈറ്റിട്ട നിലയിലായിരുന്നുവെന്ന് പറയുന്നു. സംശയം തോന്നാതിരുന്നതിനാൽ പരിശോധന നടത്തിയില്ല.
അതേസമയം വൈകിട്ട് നട അടച്ചു പോകുമ്പോൾ ഓഫീസിനു മുന്നിലെ ഒരു ബൾബ് ഒഴികെ മറ്റെല്ലാ ലൈറ്റുകളും ഓഫാക്കിയിരുന്നുവെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് ശശീന്ദ്രൻ വല്ലത്ത് പറഞ്ഞു.
Tags : Thalikulam nattuvishesham local news