വയറുകള്‍ മുറിച്ചുനീക്കിയ നിലയില്‍.
മാനന്തവാടി: തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മോഷണം. പൈപ്പുകള്‍ക്കുള്ളിലൂടെ കടത്തിയിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ വയറിംഗ് ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. പൈപ്പുകള്‍ക്കുള്ളില്‍ നിന്നും വയറുകള്‍ വലിച്ചെടുത്ത നിലയിലാണ്.
നിര്‍മാണ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളില്‍ നിന്നു മുറിച്ചെടുത്ത വയറുകളും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്.
രാവിലെ നിര്‍മാണ ജോലികള്‍ക്കായി തൊഴിലാളികള്‍ എത്തിയപ്പോഴാണ് വയറുകള്‍ നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പള്ളി ഭാരവാഹികള്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മാനന്തവാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : St. Sebastian's Church, Thonichal. Nattuvishesham Districtnews