കായംകുളം: നഗരത്തിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണവും മോഷണശ്രമവും നടന്നു. കായംകുളം പുതിയിടം സെന്റ് മേരീസ് സ്കൂളിന് തെക്കുവശമുള്ള വീടുകളിലാണ് കവർച്ചയും കവർച്ചാശ്രമങ്ങളും ഉണ്ടായത്. പ്രദേശത്തെ ഒന്നിലധികം വീടുകളിൽ ഒരേ രാത്രിയിൽ മോഷ്ടാക്കൾ കയറിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
തറയിൽ ജോസ് എന്നയാളുടെ വീട്ടിൽനിന്നാണ് പണം കവർന്നത്. മുൻവാതിലിനോട് ചേർന്നുള്ള ജനാലയുടെ ചില്ല് തകർത്ത മോഷ്ടാക്കൾ അതിലൂടെ അകത്തുണ്ടായിരുന്ന താക്കോലെടുത്ത് വാതിൽ തുറന്നാണ് അകത്തുകയറിയത്. തുടർന്ന് ജോസിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപ കവരുകയായിരുന്നു.
കിടപ്പുമുറിയിലെ അലമാരകൾ മുഴുവൻ തുറന്ന് പരിശോധിച്ച നിലയിലാണ്. ഈ വീടിന് എതിർവശത്തുള്ള വാസുനികേതൻ എന്ന വീട്ടിലും സമാനമായരീതിയിൽ മോഷണശ്രമം നടന്നു. മോഷ്ടാക്കൾ എത്തുന്ന സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. മോഷണവിവരം പുറത്തറിയാതിരിക്കാൻ വീട്ടിലെ സിസിടിവി കാമറകൾ തല്ലിത്തകർക്കുകയും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന ഡിവിആർ എടുത്തുകൊണ്ടുപോകുകയും ചെയ്തു.
വീട്ടുകാർ തിരിച്ചെത്തിയാൽ മാത്രമേ ഇവിടെനിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകൂ. ഇവയ്ക്കു പുറമേ സമീപത്തുള്ള മറ്റ് രണ്ടു വീടുകളിലും മോഷ്ടാക്കൾ കയറാൻ ശ്രമിച്ചിട്ടുണ്ട്. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് കായംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.