കല്ലൂര്‍: രണ്ടു കടകളില്‍ മോഷണം. കല്ലൂര്‍ ചുങ്കത്തുള്ള മന്ന സ്റ്റോഴ്സ്, പള്ളിക്കുന്നിലെ സെന്റ് റാഫേല്‍സ് സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. രണ്ട് കടകളില്നിന്നുമായി 65,000 രൂപയോളമാണ് കവര്‍ന്നത്. മോഷണ ദൃശ്യങ്ങള്‍ കടയിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞു.
ഒരു മണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ടു കടയിലും മോഷണം നടന്നത്. ഇന്നലെ രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കല്ലൂര്‍ ചുങ്കത്തുള്ള മന്ന സ്റ്റോഴ്സില്‍നിന്ന് 35,000 രൂപയും, പള്ളിക്കുന്നിലെ സെന്റ് റാഫേല്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 30,000 രൂപയുമാണ് നഷ്ടപ്പെട്ടത്. രണ്ട് കടകളിലും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. അതേസമയം, കടകളിലെ മറ്റ് സാധനങ്ങളൊന്നും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടില്ല. കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.
ഹെല്‍മെറ്റ് ധരിച്ചെത്തിയ സംഘം അതിവിദഗ്ധമായാണ് കടയ്ക്കുള്ളില്‍ കടന്നത്. കടയുടമകളുടെ പരാതിയില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
Tags : Theft nattuvisheaham local news