നെടുമങ്ങാട് : കാപ്പാക്കേസിൽ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനു നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചു. പ്രതി അറസ്റ്റിലായിട്ട് നാല് ദിവസമേ ആയിട്ടുള്ളൂവെന്നും കേസ് അന്വേഷണം ശൈശവാവസ്ഥയിലിരിക്കെ, ജാമ്യം നൽക രുതെന്നുമുള്ള പ്രോസിക്യൂ ഷൻ വാദം മജിസ്ട്രേട്ട് അക്ഷയ പി.ആർ. അംഗീകരിക്കുകയായിരുന്നു.
വട്ടിയൂർക്കാവ് വെള്ളക്കടവ് ജംഗ്ഷനിൽ അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ച കേസിലും കാപ്പാക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലുമായി രണ്ടു ജാമ്യപേക്ഷകളും കോടതി തള്ളി. പോലീസിനെതിരായ ആക്രമണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ചുമതലയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ 11 കേസുകളും നെടുമങ്ങാട്ട് ഒരു കേസുമാണ് സുഗതനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ് വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പോലീസിനെതിരേ കൈയേറ്റം, വീടുകയറി വാഹനം അടിച്ചുതകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്.
കേസിൽ പ്രശാന്തും വക്കാലത്ത് നൽകിയിട്ടുണ്ട്.പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലിറ്റിൽ ഫ്ളവർ കോടതിയിൽ ഹാജരായി. ഇതേസമയം, ഉടനെതന്നെ ജാമ്യാപേക്ഷയും സ് പെഷൽ പെറ്റിഷനും നൽകുമെന്ന് സുഗതനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
Tags : Local News Nattuvishesham Thiruvananthapuram