തൃക്കരിപ്പൂർ നടക്കാവ് ജംഗ്ഷനിലെ എൽഡിഎഫ് പ്രവർത്തകരുടെ ചുവരെഴുത്ത്.
തൃക്കരിപ്പൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനവും നടപടിക്രമങ്ങളും നടക്കും മുമ്പ് തൃക്കരിപ്പൂർ അസംബ്ലി മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർ ചുവരെഴുത്തുകൾ തുടങ്ങി. നോർത്ത് തൃക്കരിപ്പൂർ ലോക്കൽ പരിധിയിലെ നടക്കാവ് ജംഗ്ഷനിലാണ് എൽഡിഎഫ് സ്ഥാനാർഥിയെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വിജയിപ്പിക്കണമെന്ന് ആലേഖനം ചെയ്തിട്ടുള്ളത്.
എൽഡിഎഫിൽ സീറ്റ് ചർച്ച പോലും പൂർത്തിയാകും മുമ്പാണ് തൃക്കരിപ്പൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രത്തിൽ ചുവരെഴുത്ത് നടത്തിയിട്ടുള്ളത്. സിപിഎം തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന അഭ്യർഥനയാണ് ബഹുവർണത്തിൽ ചുവരെഴുത്ത്.
സ്ഥാനാർഥി പ്രഖ്യാപനം വരുന്ന മുറക്ക് പേര് എഴുതി ചേർക്കുക എന്നത് മാത്രമാണ് ഇവിടുത്തെ പ്രചാരണത്തിലുള്ളത്. രണ്ടു തവണ എംഎൽഎയായ എം. രാജഗോപാലൻ ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറി ആയതോടെ മത്സരരംഗത്തുണ്ടാവില്ല എന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. നീലേശ്വരം ദ്വയാംഗ മണ്ഡലം വിഭജിച്ച് തൃക്കരിപ്പൂർ അസംബ്ലി നിയോജക മണ്ഡലം രൂപീകൃതമായത് മുതൽ സിപിഎം മാത്രം വിജയിച്ചു വരുന്ന തൃക്കരിപ്പൂർ എൽഡിഎഫിന്റെ ഉറച്ച മണ്ഡലമായാണ് കണക്കാക്കുന്നത്. അതേസമയം യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാവത്തതിനാൽ കോൺഗ്രസാണോ അതോ കേരള കോൺഗ്രസ് ആണോ മത്സരിക്കുക എന്ന് ധാരണയായിട്ടില്ല. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച തൃക്കരിപ്പൂരിൽ ഇത്തവണ കോൺഗ്രസ് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വവും രംഗത്തുണ്ട്.