പുതുപ്പള്ളി: പുതുപ്പള്ളിയിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കെഎസ്ഇബി താലൂക്ക് തല സമിതി യോഗം ചേര്‍ന്നു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ജനങ്ങള്‍ നേരിടുന്ന വൈദ്യുതി തടസങ്ങൾ, കുറഞ്ഞ വോള്‍ട്ടേജ്, കാലപ്പഴക്കം ചെന്ന ട്രാന്‍സ്ഫോമറുകൾ, വൈദ്യുതി വിതരണ സംവിധാനത്തിലെ അപര്യാപ്തതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.
ഓരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ പ്രത്യേകം പരിശോധിച്ച് സമയബന്ധിതമായി പരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മിനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തീരുമാനങ്ങൾ
വൈദ്യുതി ആവശ്യകത വര്‍ധിച്ച പ്രദേശങ്ങളില്‍ ട്രാന്‍സ്ഫോമറുകളുടെ ശേഷി വര്‍ധിപ്പിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ പഴയ ട്രാന്‍സ്ഫോമറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും. പുതുപ്പള്ളി സബ്സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.