പ്രതീകാത്മക ചിത്രം
ആലക്കോട്: മണക്കടവിൽ കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി വ്യാപാരിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മണക്കടവ് ടൗണിൽ കോൾഡ് സ്റ്റോറേജ് നടത്തുന്ന പട്ടാരി വിളയിൽ വർഗീസി (70) നാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വർഗീസിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കാപ്പ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചീക്കാടെ ഒളവത്തൂർ ഉന്മേഷ് (37) ആണ് അക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മുൻ വൈരാഗ്യ കാരണം കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തിയുമായി വർഗീസിന്റെ കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറിയ പ്രതി കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ മാസം 26ന് ഉന്മേഷ് വർഗീസിന്റെ കടയിൽ കയറി ആക്രമണം നടത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ ഉന്മേഷ് ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ മണക്കടവിലെത്തി വർഗീസിനെ വീണ്ടും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി ആലക്കോട് പൊലിസ് തെരച്ചിൽ ആരംഭിച്ചു.
Tags : Trader hacked nattuvishesham local news Trader hacked after assailant shop in