പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പോലീസ് സ്റ്റേഷനിലെ ഓണസദ്യയ്ക്ക് ആദിവാസി ഉന്നതിയിലെ അംഗങ്ങളെ ക്ഷണിക്കാൻ ചെന്ന മൂഴിയാർ എസ്എച്ച്ഒയ്ക്കു മുന്നിൽ ദുരിതാവസ്ഥ അറിയിച്ച് ഉന്നതി നിവാസികൾ. മൂഴിയാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോടു ചേർന്നുള്ള ആദിവാസി ഉന്നതിയിൽ നാല് കുടുംബങ്ങളിലായി 17 പേരാണ് ദുരിതാവസ്ഥ പോലീസിനു മുന്പിൽ അറിയിച്ചത്. തിങ്കളാഴ്ച മൂഴിയാർ പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഓണസദ്യയിലേക്ക് ഇവരെയും ക്ഷണിക്കാൻ ഉന്നതിയിൽ എത്തിയതായിരുന്നു എസ്എച്ച്ഒ ആർ. രവീന്ദ്രൻ, എസ്ഐ അനിൽകുമാർ, വനിതാ ഓഫീസർ ചിഞ്ചു ബോസ്, സിപിഒ വിനീത് എന്നിവർ.
തിങ്കളാഴ്ച സ്റ്റേഷനിൽ നടക്കുന്ന ഓണസദ്യ ക്ഷണിക്കുന്നതോടൊപ്പം രാവിലെ എന്ത് കഴിച്ചു എന്ന് കുട്ടികളോട് എസ്എച്ച്ഒ ആരാഞ്ഞു. രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നും പല ദിവസങ്ങളിലും പട്ടിണിയാണെന്നും കുട്ടികൾ ഉൾപ്പെടെ അറിയിച്ചു.
ഉടൻതന്നെ തിരികെ സ്റ്റേഷനിലേക്ക് പോയ പോലീസ് സംഘം മൂഴിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നാല് കുടുംബങ്ങൾക്കും ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ, പച്ചക്കറി, മീൻ കൂടാതെ കുട്ടികൾക്ക് ബിസ്കറ്റ്, മറ്റ് ബേക്കറി സാധനങ്ങൾ എന്നിവയുമായി തിരികെ എത്തി. ഓണം ആഘോഷിക്കാനുള്ള സാധനങ്ങൾ ലഭിച്ചതോടൊപ്പം പോലീസ് സ്റ്റേഷനിലെ ഓണസദ്യയ്ക്ക് ക്ഷണം ലഭിച്ചതും കൂടിയായപ്പോൾ കൊച്ചാണ്ടി ഉന്നതിയിലെ നിവാസികൾ സന്തുഷ്ടരായി. സ്കൂളിൽ പോകാൻ ആഗ്രഹമുണ്ട്. വാഹനസൗകര്യം ലഭിക്കാത്തതുകൊണ്ട് വളരെ ബുദ്ധിമുട്ടിലാണെന്ന് കുട്ടികൾ അറിയിച്ചതോടെ ഓണത്തിനുശേഷം സ്കൂൾ തുറക്കുമ്പോൾ സ്കൂളിൽ എത്താനുള്ള വാഹനസൗകര്യവും ഉറപ്പാക്കാമെന്ന് കുട്ടികൾക്ക് മൂഴിയാർ എസ്എച്ച്ഒ യുടെ ഉറപ്പ്.
Tags : Nattuvishesham District News Tribals express distress police