റിജോയ് ബെക്സൺ, ബിനു മോഹനൻ, വി. പാർവതി, സാന്ദ്രാഞ്ജലി
കൊച്ചി: മരടില്‍ തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന യുവാവ് അഞ്ചു ഗ്രാം എംഡിഎംഎയുമായി പിടിയിലായി. മരട് തോമസ്പുരം കൊല്ലംപറമ്പിൽ റിജോയ് ബെക്സണി(24)നെ ആണ് ഡാന്‍സാഫ് സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത ത്. ഒപ്പമുണ്ടായിരുന്ന പുത്തൻകുരിശ് വടവുകോട് എമ്പ്രാംമഠത്തിൽ ബിനു മോഹനൻ (34), ഹരിപ്പാട് ചക്കാലകിഴക്കെതിൽ വി. പാർവതി (35), പനങ്ങാട് തിട്ടയിൽ സാന്ദ്രാഞ്ജലി (25) എന്നിവരും അറസ്റ്റിലായി.
വെണ്ണല പുനത്തി റോഡിൽ ഉള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 29ന് രാത്രി ഫോറം മാളിന് സമീപത്ത് നിന്ന് ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
താന്‍ റോഡില്‍ കൂടി പോകുമ്പോള്‍ ഒരാളെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ട് പോകുന്നത് കണ്ടെന്ന ഡെലിവറി ബോയിയുടെ പരാതിയിലായിരുന്നു കേസ്. ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു തട്ടിക്കൊണ്ടുപോയി എന്ന് പറയുന്ന യുവാവ് റിജോയ് ആണെന്ന് കണ്ടെത്തി. ലഹരിക്കേസില്‍ ഉള്‍പ്പെട്ട ആളാണ് റിജോയെന്ന സംശയത്തിലായിരുന്നു പോലീസ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ റിജോയിയെ എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം പിടികൂടിയത്.
തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ പണമിടപാട് തര്‍ക്കമെന്ന്
ലഹരിയുമായി ബന്ധപ്പെട്ട പണമിടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ആലുവ സ്വദേശിഫ്രാന്സിസ് അലക്സിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ തട്ടിക്കൊണ്ടു പോയതെന്നാണ് റിജോയി പോലീസിന് നല്കിയ മൊഴിയെന്ന് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽകുമാർ പറഞ്ഞു. പണം തിരികെ നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ വിട്ടയച്ചു. അലക്സിന്റെ കൈയില്‍ നിന്നു വാങ്ങിയ അഞ്ചു ഗ്രാം എംഡിഎംഎയുമായി ബിനുവിന്റെ വാടക വീട്ടിലെത്തി. നാലു പേരും ചേര്‍ന്ന് ഇതുപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.