സ്വന്തം ലേഖകൻ
തൃശൂർ: വികസനത്തെ പിറകോട്ടടിച്ച എൽഡിഎഫ് ഭരണ കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രചാരണം.
എൽഡിഎഫ് ഭരണത്തിനു പത്തുവർഷംമുന്പ് തൃശൂർ എങ്ങനെയായിരുന്നു, അങ്ങനെത്തന്നെയാണ് ഇപ്പോഴുമെന്നാണ് യുഡിഎഫ് ആരോപണം. നാടിന്റെ മുഖഛായ മാറ്റിയെടുക്കാനോ എന്തെങ്കിലുമൊരു മാറ്റം കൊണ്ടുവരാനോ എൽഡിഎഫിനു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ സംസ്ഥാനസർക്കാരിനെതിരേയുള്ള ജനവികാരമാണ് വോട്ടുതേടി വീടുകൾതോറും കയറിയിറങ്ങുന്പോൾ വ്യക്തമാകുന്നതെന്നു കോൺഗ്രസുകാർ അവകാശപ്പെടുന്നു.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും വികസനമുരടിപ്പിന്റെ പാതയിലാണ്. അതിനു കാരണം വിവിധ പദ്ധതികളുടെ ഫണ്ടുകൾ ലാപ്സാകുന്നതാണ്. ഭരണത്തിലുള്ളവരുടെ കെടുകാര്യസ്ഥതയാണ് ഇതിനിടയാക്കുന്നത്. സാന്പത്തികതകർച്ച നേരിടാൻ ട്രഷറിനിയന്ത്രണം ഏർപ്പെടുത്തുന്നു. അതോടെ പദ്ധതികൾക്കു ഗഡുക്കളായി കൊടുക്കേണ്ട പണം സമയാസമയം കൊടുക്കാൻ സാധിക്കാതെവരും. അവസാനത്തെ ഗഡു സാന്പത്തികവർഷം തീരുന്നതിനുമുന്പേ നൽകാൻ സാധിക്കാതെ ലാപ്സാകും. കരാറുകാർക്കു യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ നിർമാണപ്രവർത്തനങ്ങൾ സ്തംഭിക്കും. അപ്പോഴാണ് വികസനപ്രവർത്തനങ്ങൾ താറുമാറാകുന്നത്. ഇതാണ് കഴിഞ്ഞ പത്തുവർഷമായി തദ്ദേശ സ്ഥാപനങ്ങളിൽ നടന്നതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് യുഡിഎഫ് പ്രചാരണം.
തദ്ദേശസ്ഥാപനങ്ങളിൽ ജനങ്ങളുടെ താത്പര്യത്തിനനുസരിച്ചുള്ള ഭരണമല്ല നടക്കുന്നതെന്ന് വോട്ടർമാർ ചൂണ്ടിക്കാട്ടുന്നതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. അധികാരവികേന്ദ്രീകരണമെന്നു പറയുകയും ഭരണം കേന്ദ്രീകൃതസ്വഭാവത്തിലേക്കു മാറ്റുകയുമാണ് ഇടതുഭരണം. ഗ്രാമസഭകൾ എന്ന ആശയം എന്നേ നശിച്ചുപോയി. അതിദാരിദ്ര്യം യഥാർഥത്തിൽ ഇവിടെ നിർമാർജനം ചെയ്യപ്പെട്ടോയെന്നും കോൺഗ്രസ് ചോദിക്കുന്നു. ഇല്ലെന്നാണ് തൃശൂർ റൗണ്ടിനുചുറ്റും രാവിലെയും ഉച്ചയ്ക്കുമായി ഒരുനേരത്തെ ഭക്ഷണത്തിനായി ആളുകൾ കാത്തുനിൽക്കുന്നതിൽനിന്നു വ്യക്തമാകുന്നതെന്ന് തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ജനങ്ങളെ സംബന്ധിച്ച്, കഴിഞ്ഞ പത്തുവർഷം പാഴായതു തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് സംജാതമായിരിക്കുന്നത്. അതിനുള്ളപ്രവർത്തനം വലിയരീതിയിൽ നടന്നുവരുന്നതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കി.
Tags : UDF points out nattuvisesham locl news