തൃശൂർ: "കോർപറേഷന്റെ പാഴായ പത്തു വർഷങ്ങൾ' എന്ന വിശേഷണവുമായി ജനസമക്ഷം കുറ്റപത്രവുമായി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.
രണ്ടായിരത്തിൽ കോർപറേഷൻ രൂപീകൃതമായപ്പോൾ ഭരണത്തിലേറിയ യുഡിഎഫ് നടപ്പാക്കാൻ ശ്രമിച്ച വികസനപദ്ധതികൾ പിന്നീട് അധികാരത്തിലെത്തിയ ഇടതുമുന്നണി ഭരണങ്ങൾ മുരടിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം. ഇടതിന്റെ അഴിമതിഭരണം, ധൂർത്ത്, കെടുകാര്യസ്ഥത തുടങ്ങിയവ കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. കുഴികൾ നിറഞ്ഞ റോഡുകൾ, വെള്ളക്കെട്ട്, ട്രാഫിക് ബ്ലോക്ക്, ശുദ്ധജലക്ഷാമം, വൈദ്യുതിതടസം, തെരുവുനായ്ശല്യം തുടങ്ങിയ ജനകീയപ്രശ്നങ്ങളും ഉയർത്തിക്കാട്ടുന്നു.
പ്രധാന ആരോപണം മാസ്റ്റർ പ്ലാനിനെക്കുറിച്ചാണ്. ജനങ്ങളുടെ അഭിപ്രായം ആരായാതെയും വിദഗ്ധരുമായി ചർച്ചചെയ്യാതെയും ഉണ്ടാക്കിയ മാസ്റ്റർ പ്ലാൻ ജനദ്രോഹപരമായിരുന്നു.
റോഡുകൾ വെട്ടിപ്പൊളിച്ച് സമയബന്ധിതമായി പണികൾ പൂർത്തിയാക്കിയില്ല, പടിഞ്ഞാറെകോട്ട വരെ നിർമിച്ച മോഡൽ റോഡ് പിന്നീടു ദീർഘിപ്പിച്ചില്ല, ഔട്ടർ റിംഗ്റോഡ് സ്വപ്നപദ്ധതിയായി ഫയലിൽ ഉറങ്ങുന്നു. മണ്ണുത്തി - അമലനഗർ ലിങ്ക് റോഡ് പ്രാവർത്തികമാക്കിയില്ല, വഞ്ചിക്കുളത്തെ തണ്ണീർത്തട ഭൂമിയിടപാടിലെ അഴിമതി, കോർപറേഷൻ സ്റ്റേഡിയം - പീടികമുറികൾ കൈമാറ്റത്തിലെ തിരിമറികൾ, പിൻവാതിൽനിയമനം തുടങ്ങിയ ആരോപണങ്ങൾ കുറ്റപത്രത്തിലുണ്ട്. 2016 മുതൽ 2025വരെ അധികമായി പിരിച്ചെടുത്ത നികുതി ജനങ്ങൾക്കു തിരിച്ചുകൊടുക്കേണ്ടിവന്നതും ഭരണ കോട്ടമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പീച്ചിയിൽനിന്നു ശുദ്ധജലം കൊണ്ടുവരാൻ കോടികൾ ചെലവഴിച്ചു പൈപ്പുകൾ കുഴിച്ചിട്ടെങ്കിലും വെള്ളം ലഭിക്കുന്നില്ലെന്നുമാത്രമല്ല പൈപ്പുകൾ എവിടെയാണെന്നുപോലും അധികൃതർക്ക് അറിയില്ല. റോഡിലെ കുഴികളിൽപെട്ട് വാഹനാപകടത്തിൽ മരിച്ച സംഭവങ്ങളും കുറ്റപത്രത്തിലുണ്ട്.
യുഡിഎഫ് ഭരണകാലത്ത് കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, പൂങ്കുന്നം, കൂർക്കഞ്ചേരി, നടുവിലാൽ ജംഗ്ഷനുകളുടെ വികസനം, എംജി റോഡ് വികസനം, പൂത്തോൾ മേൽപ്പാലം എന്നിവ ഭരണനേട്ടങ്ങളായിരുന്നു. എന്നാൽ, കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫ് ഭരണസമിതിക്ക് ഒരു ജംഗ്ഷൻ വികസനമോ റോഡ് വികസനമോ സാധ്യമായിട്ടില്ല. കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, പൂങ്കുന്നം, കൊക്കാലെ, വടൂക്കര ഫ്ലൈഓവറുകൾ പ്രഖ്യാപനത്തിലൊതുങ്ങി.
കോർപറേഷനിലെ വിവിധ മോഷണങ്ങളിൽ പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കോർപറേഷൻ കെട്ടിടങ്ങളിലെ അപകടങ്ങൾ, ശൗചാലയങ്ങൾ പ്രവർത്തനരഹിതമായത്, മൾട്ടിലെവൽ കാർപാർക്കിംഗ് പ്രവർത്തനരഹിതമായത്, പാർക്കിലെ ഫൗണ്ടേഷൻ പ്രവർത്തിക്കാത്തത്, കളിക്കോപ്പുകൾ ഉപയോഗശൂന്യമായത് എല്ലാം എൽഡിഎഫിന്റെ കെടുകാര്യസ്ഥതയായി യുഡിഎഫ് കുറ്റപത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
Tags : corporation nattuvisesham local news