കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സംരക്ഷണഭിത്തി നിർമാണ പ്രവൃത്തി മുടങ്ങിയ നിലയിൽ.
ആലക്കോട്: ഒന്നരവർഷം മുമ്പ് തകർന്ന കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സംരക്ഷണ ഭിത്തി നിർമാണം അനശ്ചിതത്വത്തിൽ. 2024 ജൂണിലെ ശക്തമായ മഴയിലാണ് സ്കൂളിനോട് ചേർന്നുള്ള 12 മീറ്റർ ഉയരമുള്ള കരിങ്കൽഭിത്തി കാർത്തികപുരം മാവുംതട്ട് പഞ്ചായത്ത് റോഡിലേക്ക് തകർന്നു വീണത്. ഭിത്തി തകർന്നത് രാത്രിയിൽ ആയിരുന്നതിനാൽ അപകടങ്ങൾ ഉണ്ടായില്ല.
സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലുകളെ തുടർന്ന് ജില്ലാ പഞ്ചായത്ത് 90 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി 2025 മേയിൽ കരാർ ഉറപ്പിച്ചെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം മണിക്കൂറുകൾ ബാക്കിനിൽക്കെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഏതാനും ദിവസങ്ങൾക്കു ശേഷമാണ് നിർമാണ പ്രവൃത്തി തുടങ്ങാൻ മണ്ണ് നീക്കി തുടങ്ങിയത്.
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശപ്രകാരം ഭിത്തി നിർമാണത്തിന്റെ പുരോഗതിയും ഗുണനിലവാരവും വിലയിരുത്തുന്നതിന് പിടിഎ, സ്കൂൾ സംരക്ഷണ സമിതി എന്നിവയുടെ സംയുക്ത യോഗം നടത്തി. ഇതിൽ പങ്കെടുത്ത ഉദയഗിരി പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം പ്രവൃത്തിയിൽ മാറ്റം വരുത്തിയ വിവരം വാക്കാൽ യോഗത്തിൽ അറിയിച്ചു. നിർമാണത്തിന്റെ മേൽനോട്ട ചുമതല ഉദയഗിരി പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിനാണ്. മാറ്റം വരുത്തിയ വിവരം സ്കൂൾ അധികൃതരെയോ പിടിഎയോ മുൻകൂട്ടി അറിയിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്ത് അംഗീകരിച്ച കരാർ നൽകി ആരംഭിച്ച പ്രവർത്തിയിൽ എങ്ങനെയാണ് മാറ്റം വരുത്തിയതെന്ന് യോഗത്തിൽ പങ്കെടുത്തവരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഇപ്പോൾ നിർമാണം നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രവർത്തിയിൽ ഗുണനിലവാരം ഇല്ലായ്മയും തട്ടിപ്പും നാട്ടുകാർ സംശയിക്കുകയാണ്. സംരക്ഷണഭിത്തിയുടെ റോഡിലേക്ക് വീണ കല്ലും മണ്ണും ഒന്നരവർഷമായിട്ടും മാറ്റിയിട്ടില്ല. സ്കൂളിന്റെ നാമമാത്രമായ കളിസ്ഥലത്തിലൂടെ വാഹന ഗതാഗതം വഴി തിരിച്ചുവിട്ടിരിക്കുകയാണ്. കല്ലും മണ്ണും ഇതിന് സമീപത്തായി ഗ്രൗണ്ടിൽ കൂട്ടിയിട്ട നിലയിലാണ്.
ഉദയഗിരി പഞ്ചായത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റ ദിവസം തന്നെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ സംരക്ഷണ സമിതി നിവേദനം നൽകി കാത്തിരിക്കുകയാണ്. പുതിയ ഭരണസമിതിയുടെ മുമ്പാകെ ആദ്യം കിട്ടിയ നിവേദനം ഇതാണ്.
സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് സ്കൂൾ കെട്ടിടം അപകട ഭീഷണി നേരിടുന്നത് ചൂണ്ടിക്കാട്ടി ദീപിക നേരത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. തടസങ്ങൾ നീക്കിയെന്നും മഴ മാറിയാൽ ഉടൻ പണി ആരംഭിക്കുമെന്നും കരാറുകാരൻ അറിയിച്ചിരുന്നതാണ്. അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് കളിസ്ഥലമാണ് നഷ്ടപ്പെട്ടത്.
Tags : Karthikapuram nattuvishasham local news