താറാവുകളെ അജ്ഞാജ ജീവി പിടികൂടിയ സ്ഥലത്ത് വനപാലകര്‍
എടക്കര: മണിമൂളി രണ്ടാംപാടത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. രണ്ടാംപാടം പള്ളത്ത് ജോണ്‍സന്റെ വീട്ടില്‍ വളര്‍ത്തിയ മൂന്ന് താറാവുകളെയാണ് അജ്ഞാത ജീവി കൊന്നത്. രണ്ടെണ്ണത്തിനെ തിന്നുകയും ഒരെണ്ണത്തിനെ കൊന്ന് ഉപേക്ഷിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചൊവാഴ്ച രാത്രി 12.30-ഓടെയാണ് സംഭവം.
കഴിഞ്ഞ ദിവസം കൂട്ടിലടച്ച വളര്‍ത്തുനായയുടെ തല അജ്ഞാത ജീവി കടിച്ചെടുത്ത കല്ലുകുളം കുഞ്ഞമ്മ തോമസിന്റെ വീടിന് സമീപത്താണ് ജോണ്‍സന്റെ വീടും. കുഞ്ഞമ്മ തോമസിന്റെ നായയെ പിടികൂടിയത് പട്ടിപ്പുലിയാണെന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. സമീപ പ്രദേശമായ തഴവയലില്‍ കാട്ടാന കൃഷി നശിപ്പിച്ച വടക്കേക്കുറ്റിയാനിക്കല് ജോജന്റെ കൃഷിയിടത്തില്‍ ആറംഗ വനപാലക സംഘം നിരീക്ഷണം നടത്തുന്നതിനിടെയാണ് ജോണ്‍സന്റെ താറാവുകളെ പിടികൂടിയത്.
നായയെ പിടികൂടിയ സംഭവത്തെത്തുടര്‍ന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കെ. സുനില്‍കുമാര്‍ സ്ഥലത്തെത്തി പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. രാത്രികാല പട്രോളിംഗ് ശക്തമാക്കാനും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് ജനങ്ങളുടെ ആശങ്കയകറ്റാനും തീരുമാനമെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സ്ഥാപിച്ചതിന് പുറമെ മൂന്ന് ട്രാപ്പ് കാമറകള്‍ കൂടി സ്ഥലത്ത് സ്ഥാപിച്ചു. താറാവുകളെ പിടികൂടിയ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നെല്ലിക്കുത്ത്, പോത്തുകല്ല് വനം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് രാത്രികാല പട്രോളിങ് തുടരും.
Tags : Manimooli Nattuvishesham Districtnews