കെട്ടിടസമുച്ചയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ.
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. 86 കോടി രൂപയാണ് കിഫ്ബി ആശുപത്രി നിർമാണത്തിനായി അനുവദിച്ചത്. ഇതിൽ 52കോടി രൂപ കെട്ടിടനിർമാണത്തിനും ബാക്കി തുക ആശുപത്രിയിലെ ഉപകരണങ്ങൾക്കും മറ്റുമാണ് വിനിയോഗിക്കുന്നത്.
70 മീറ്റർ നീളത്തിലും 35 മീറ്റർ വീതിയിലുമാണ് കെട്ടിടം നിർമിക്കുന്നത്. വൈക്കം കോടതി സമുച്ചയം തീർത്ത കൊല്ലം കരുനാഗപ്പള്ളിയിലെ ഇ.ജെ. കൺസ്ട്രക്ഷൻസാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചയം നിർമിക്കുന്നത്. കെട്ടിടസമുച്ചയത്തിന്റെ 90 ശതമാനം പണികളും പൂർത്തിയായി. ഇനി സിവിൽ, ഇലക്ട്രിക്കൽ ജോലികളാണ് ശേഷിക്കുന്നത്.
വേമ്പനാട്ടുകായലോരത്ത് ആറേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യമുള്ള അമ്മയും കുഞ്ഞും ആശുപത്രി താലുക്ക് ആശുപത്രി വളപ്പിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. പലയിടങ്ങളിലായി ചിതറിക്കിടന്ന ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടസമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്.
ദ്രുതഗതിയിൽ നിർമാണം പുരോഗമിക്കുന്ന ആശുപത്രി കെട്ടിടസമുച്ചയം പൂർത്തിയാകുന്നതോടെ ഹൃദ്രോഗത്തിനടക്കം മികച്ച ചികിത്സ ലഭ്യമാകുന്നിടമായി വൈക്കം താലൂക്ക് ആശുപത്രി മാറുമെന്നാണ് പ്രതീക്ഷ.
പുതുക്കിയ കരാർ പ്രകാരം സെപ്റ്റംബർ 30നകം പണികൾ പൂർത്തീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ഉടൻ എത്തുമെന്നും കെ. ബിനിമോൻ എംഎൽഎ പറഞ്ഞു.
വാട്ടർ ടാങ്കിന്റെ നിർമാണം തുടങ്ങി
പുതിയ കെട്ടിടസമുച്ചയത്തിന്റെ മുൻവശത്ത് 40 മീറ്റർ നീളത്തിലും15 മീറ്റർ വീതിയിലുമായി ജലസംഭരണിയുടെ നിർമാണം തുടങ്ങി. ആശുപത്രിയിലെ വിവിധാവശ്യങ്ങൾക്കും അഗ്നിശമന പ്രവർത്തനങ്ങൾക്കും വെള്ളം ലഭ്യമാക്കാൻ മൂന്ന് ചേംബറുകളിലായി വെള്ളം സംഭരിക്കുന്നതിനാണ് ടാങ്ക് നിർമിക്കുന്നത്. മൂന്ന് ചേംബറിലുമായി അഞ്ചര ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനാകും. ടാങ്ക് നിർമാണത്തിനുശേഷം ഇവിടം വാഹന പാർക്കിംഗിനായും വിനിയോഗിക്കും.