തകർന്നുകിടക്കുന്ന മുതലമട റെയിൽവേ സ്റ്റേഷൻ റിംഗ്റോഡിലൂടെ കടന്നുപോകുന്ന സ്വകാര്യബസ്.
വണ്ടിത്താവളം: മുതലമട നാഗർപാടം റെയിൽവേ റോഡിലെ ഗർത്തങ്ങളിൽ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടുമറിയുന്നത് തുടർക്കഥ.
കഴിഞ്ഞദിവസം പൊള്ളാച്ചിയിൽനിന്നും കൊല്ലങ്കോട്ടേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ദമ്പതികൾ ഗർത്തത്തിലെ വെളളക്കെട്ടിൽ മറിഞ്ഞ് പരിക്കേറ്റിരുന്നു.
ഇതേദിവസം തന്നെ സ്ഥലപരിചയമില്ലാത്ത ബൈക്ക് യാത്രികനും സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു.
ഇതുവഴി സഞ്ചരിക്കുന്ന കാറുകളും ചരക്കുലോറികളും ഗർത്തത്തിൽ ഇടിച്ചിറങ്ങി തകരാറുണ്ടാകുന്നു. റെയിൽവേയുടെ അധികാര പരിധിയിലുള്ള 400 മീറ്റർ റോഡിലാണ് മെറ്റലിളകി നാശം ഉണ്ടായിരിക്കുന്നത്.
വിദ്യാർഥികളെ കയറ്റിയ ഓട്ടോകളും മിനിവാനും ഇവിടെ കടന്നുപോകുന്നത് അപകടഭീഷണിയിലാണ്. കാമ്പ്രത്ത്ചള്ളയിൽനിന്നും പാലക്കാട്ടേക്കുള്ള ആറു സ്വകാര്യബസുകൾ റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സർവീസ് നിർത്തുമെന്ന് സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ഈ സ്ഥലത്തെ റോഡ് തകർച്ചയുടെ വ്യാപ്തി കൂടിവരികയാണ്.
നാട്ടുകാരും യാത്രികരും മുതലമട സ്റ്റേഷൻ അധികൃതർക്ക് റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ പല തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഡിവിഷണൽ മേധാവികളുടെ അനുമതി ലഭിച്ചാലേ റോഡ് നവീകരണം സാധ്യമാകൂ എന്നാണ് സ്റ്റേഷൻ ജീവനക്കാരുടെ ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ.
ഒരുവർഷം മുൻപ് മുതലമട പഞ്ചായത്തധികൃതർ എം സാൻഡ് എത്തിച്ച് കുഴികൾ താത്കാലികമായി അടച്ചെങ്കിലും പിന്നീട് പെയ്ത മഴയിൽ കുഴികൾ പൂർവസ്ഥിതിയിലായി.