മംഗലംപാലം ബൈപാസ് ജംഗ്ഷനിൽ ലോഷൻ വില്പനയ്ക്കായി യുവാക്കൾ വാഹനങ്ങൾ തടഞ്ഞതിനെതുടർന്നുണ്ടായ വാഹനകുരുക്ക്.
വടക്കഞ്ചേരി: വാഹനങ്ങളെല്ലാം തടഞ്ഞുനിർത്തി ഒരു സംഘം ഇതര സംസ്ഥാന യുവാക്കളുടെ ക്ലീനിംഗ് ലോഷൻ പ്രചാരണം. ഇന്നലെ രാവിലെ മംഗലം പാലം ബൈപ്പാസ് ജംഗ്ഷനിലാണ് പത്തോളം വരുന്ന യുവാക്കളുടെ സംഘം അതുവഴി പോയിരുന്ന വാഹനങ്ങളെല്ലാം കൈകാട്ടി തടഞ്ഞ് ക്ലീനിംഗ് ലോഷന്റെ ഡെമോ നടത്തിയത്. എംആർപി 400 രൂപയാണെന്നും 300 രൂപയ്ക്ക് കമ്പനി നൽകുന്നതാണെന്നും പറഞ്ഞാണ് വാഹനം തടയൽ നടന്നത്. ലോഷൻ പുരട്ടി തുടച്ചാൽ വാഹനങ്ങളിലെ തുരുമ്പ്, കറ , ചെളി എന്നിവയെല്ലാം പോയി വാഹനം പുത്തൻ പോലെയാകും എന്നാണ് യുവാക്കൾ പറയുന്നത്.
ഓടുന്ന വാഹനത്തിനു മുന്നിലേക്ക് കടന്നുവന്ന് കൈകാണിക്കുകയായിരുന്നു. ഇതു മൂലം വാഹനങ്ങളെല്ലാം നിർത്തേണ്ട സ്ഥിതിയുണ്ടായെന്ന് വാഹന യാത്രക്കാർ പറഞ്ഞു. യുവാക്കളുടെ തോൾ ബാഗുകൾ വഴിയരികിൽ വച്ചാണ് പലയിടത്തുനിന്നുള്ള അഭ്യാസമുണ്ടായത്. ഇവർ ലോഷൻ വില്പനക്കാരാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യം വച്ചുള്ള യുവാക്കളുടെ സംഘമാണോ എന്ന സംശയമാണ് ജനങ്ങളിൽ ഉണ്ടാക്കിയത്.വാഹനം തടഞ്ഞുള്ള കച്ചവടത്തിനെതിരേ പല യാത്രക്കാരും യുവാക്കളുമായി വാക്കുതർക്കവുമുണ്ടായി. വാഹനക്കുരുക്കിനും വഴിതടയൽ കാരണമാക്കി.