ഇടുക്കി: മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കു കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറിയിംഗ് പശു ഔഷധി വിക്രയ കേന്ദ്രം എന്ന പേരില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ അംഗീകൃത സഹകരണ സംഘങ്ങള്‍ക്കും ക്ഷീരസഹകരണ സംഘങ്ങള്‍ക്കും അവസരം നല്‍കും.
ബിഫാം, ഡിഫാം ഡിഗ്രി യോഗ്യതയുള്ളവരെ കേന്ദ്രങ്ങളില്‍ നിയമിക്കണം. കുറഞ്ഞത് 120 ചതുരശ്ര അടിയുള്ള കടമുറി സ്വന്തമായോ വാടകയ്ക്കോ ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റിന്റെ പേരും, രജിസ്ട്രേഷന് വിവരങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. സംസ്ഥാന ഡ്രഗ്ഗ് കണ്ട്രോള് അഥോറിറ്റിയുടെ മരുന്നു വില്‍പ്പന ലൈസന്‍സും സമര്‍പ്പിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി www.dahd.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്.
അപേക്ഷാഫീസായ 5,000 രൂപ തിരികെ നല്‍കുന്നതല്ല. ഒരു ബ്ലോക്കില്‍ ഒരു പശു ഔഷധി വിക്രയ കേന്ദ്രം മാത്രമേ അനുവദിക്കൂ. കൂടുതല്‍ മൃഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ മുന്‍ഗണന നല്‍കും. നിലവിലെ ആശുപത്രികളോടു ചേര്‍ന്ന് സ്ഥലമോ കെട്ടിടമോ എഗ്രിമെന്റ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ അവയ്ക്കു മുന്‍ഗണന ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Tags : Nattuvishesham Districtnews Veterinary