പുതുക്കാട് സെന്റ് ആന്റണീസ് സ്കൂളിലെ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറിനെതുടര്‍ന്ന് വോട്ടുചെയ്യാൻ എത്തിയവര്‍ കാത്തിരിക്കുന്നു.
പുതുക്കാട്: മണ്ഡലത്തില്‍ നാലു സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കി. രണ്ടിടത്ത് ആളുമാറി വോട്ടുചെയ്തതു പരാതിക്കിടയാക്കി. വരാക്കര ഐനിക്കല്മൂലയില് വോട്ടർപട്ടികയിൽ പേരുണ്ടായിട്ടും സ്ലിപ്പില്ലാത്തതിനാല് വോട്ടു നിഷേധിച്ചതും പരാതിക്കിടയാക്കി.
റിട്ടേണിംഗ് ഓഫീസര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
കോനിക്കര നേതാജി വായനശാലയിലെ 39-ാം ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് വോട്ടെടുപ്പ് അല്പസമയം വൈകി. തൃക്കൂര് സര്‍വോദയ സ്കൂളിലും വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ ഉണ്ടായിരുന്നു. പെട്ടെന്നു പരിഹരിച്ചതിനാല്‍ വോട്ടിംഗിനു തടസമുണ്ടായില്ല.
പറപ്പൂക്കര മുത്രത്തിക്കര കൈരളി അങ്കണവാടിയിലെ ബൂത്തില്‍ വോട്ടിംഗ് മെഷീന് തകരാര്‍ ഉണ്ടായെങ്കിലും ഉടന്‍ പരിഹരിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് സ്കൂളിലെ വോട്ടിംഗ് യന്ത്രത്തിലെ ബാറ്ററി തകരാറിനെതുടര്‍ന്ന് അരമണിക്കൂറോളം തടസപ്പെട്ടു. വെണ്ടോര്‍ എല്‍പി സ്കൂളിലും വേലൂപ്പാടം പൗണ്ട് 73-ലെ സ്കൂളിലും വോട്ടര്‍മാര്‍ എത്തിയപ്പോള്‍ അവരുടെ വോട്ട് നേരത്തേ ചെയ്തുപോയതും പരാതിക്കിടയാക്കി. തുടര്‍ന്നു നേരത്തേ വോട്ട് ചെയ്തയാളെ കണ്ടെത്തിയാണ് പ്രശ്നം പരിഹരിച്ചത്.