ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ ഹാളിൽ നടന്ന വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാര്‍ഥി ലിസ്റ്റു ചേര്‍ക്കൽ.
ചമ്പക്കുളം: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന ആറു പഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥി വിവരങ്ങള്‍ സെറ്റ് ചെയ്തു. ഇന്നലെ രാവിലെ 9.30 മുതല്‍ ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ ഹാളിലായിരുന്ന വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാര്‍ഥി ലിസ്റ്റു ചേര്‍ക്കൽ നടന്നത്. ഇവ പിന്നീട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റി. ചമ്പക്കുളം, കൈനകരി, നെടുമുടി, തകഴി, എടത്വ, തലവടി പഞ്ചായത്തുകളിലായി ആകെ 91 പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് സ്ട്രോംഗ് റൂമിലെത്തിച്ചത്.
വോട്ടെടുപ്പിന്റെ തലേന്നാള്‍, യന്ത്രങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. 175 നടുത്ത് ഉദ്യോഗസ്ഥരായിരുന്നു വോട്ടിംഗ് യന്ത്രം സെറ്റ് ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ടിരുന്നത്. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികൾക്കോ അവരുടെ ഏജന്റുമാർക്കോ യന്ത്രം സെറ്റു ചെയ്യുന്നത് പരിശോധിക്കാനും അവസരമൊരുക്കിയിരുന്നു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 90 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായി ഏകദേശം 400 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ ജില്ലാ പട്ടികജാതി ഓഫീസര്‍ അജിമോന്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഉപവരണാധികാരിയുമായ സാജു പത്രോസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥി വിവരങ്ങള്‍ ചേര്‍ത്തത്.