കാവാലം: പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ വെള്ളം കയറുന്നു, കൃഷി പ്രതിസന്ധിയിലേക്ക്. കാവാലം കൃഷിഭവന് പരിധിയിലെ മണിയങ്കരി പാടശേഖരത്തിലെ കര്‍ഷകരാണു പുഞ്ചക്കൃഷിക്കായി വിതച്ച കൃഷിയിടത്തിലെ വെള്ളം വറ്റിക്കാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുന്നത്. കണ്ണാടി-കിടങ്ങറ റോഡിലെ കൊറത്തറ പാലത്തിന്റെ അപ്രോച്ച് റോഡിലെ കരിങ്കല്‍ സംരക്ഷണ ഭിത്തിയുടെ വിടവിലൂടെയാണു പാടശേഖരത്തില്‍ വെള്ളം കയറുന്നത്.
ശക്തമായ വേലിയേറ്റത്തില്‍ കരിങ്കല്ലിന്റെ വിടവിലൂടെ വെള്ളം കയറി കൃഷിയിടം മുങ്ങുന്നതു നോക്കി നില്ക്കാന് മാത്രമേ കര്‍ഷകര്‍ക്കു സാധിക്കുന്നുള്ളു. വെള്ളം കയറുന്നതു തടയാന്‍ യാതൊരു മാര്ഗവുമില്ലാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. അശാസ്ത്രീയമായ പാലം നിര്‍മാണമാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നു കര്‍ഷകര്‍ ആരോപിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കോണ്‍ക്രീറ്റില്‍ നിര്‍മിച്ചാല്‍ വെള്ളം കയറുന്നത് ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ കരിങ്കല്‍ അടുക്കിയ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണു നിറച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുന്നത്.
വേലിയേറ്റം വരുമ്പോള്‍ കരിങ്കല്ലിനിടയിലൂടെ വെള്ളം പാടശേഖരത്തിലേക്കു കയറുന്നതുമൂലം, 350 ഏക്കറുള്ള പാടശേഖരത്തിലെ 40 ഏക്കറോളം ഭാഗത്തെ വിത പിടിപ്പിക്കാന്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പാടശേഖരത്തെ രണ്ടായി മുറിച്ചാണു കണ്ണാടി-കിടങ്ങറ റോഡ് കടന്നു പോകുന്നത്.
റോഡിനു കിഴക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങളിലെ വെള്ളം വറ്റിക്കുന്നതിനായി മൂന്നു കലുങ്കുകള്‍ റോഡിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ കിഴക്കു ഭാഗത്തെ കൃഷിയിടത്തിലെ വിത പിടിപ്പിക്കാന്‍ കലുങ്ക് അടച്ചിട്ടശേഷമാണു വെള്ളം വറ്റിക്കുന്നത്. കിഴക്കു ഭാഗത്തെ വെള്ളം പൂര്‍ണമായി വറ്റിച്ചശേഷം കലുങ്കു തുറന്നാണു പടിഞ്ഞാറു ഭാഗത്തെ വെള്ളം കൂടി വറ്റിച്ചു കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്.
വേലിയേറ്റത്തില്‍ പാലത്തിന്റെ അപ്രോച്ച് ഭാഗത്തുകൂടി വെള്ളം കയറിയതുമൂലം ആദ്യ വിത നശിച്ചു. തുടര്‍ന്നു വീണ്ടും വിത്തു വാങ്ങിയാണു രണ്ടാമതു വിതയിറക്കിയിരിക്കുന്നത്. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാന്‍ പാലത്തിന്റെ കിഴക്കേക്കരയിലെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കോണ്‍ക്രീറ്റില്‍ പുനര്‍ നിര്‍മിക്കണമെന്നാണു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പാടശേഖരത്തിന്റെ കിഴക്കുഭാഗത്തുള്ള മറ്റൊരു പാലവും സമാനരീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പാലത്തിന്റെ ഇരുകരകളിലുമുള്ള കരിങ്കല്‍ സംരക്ഷണ ഭിത്തിയില്‍ കൂടി വെള്ളം കയറുന്നതു മണിയങ്കരിക്കൊപ്പം സമീപത്തെ പടിഞ്ഞാറേ വെള്ളിസ്രാക്ക പാടശേഖരത്തിലെ കര്‍ഷകരെയും ദുരിതത്തിലാക്കുന്നുണ്ട്.
Tags : Water through nattuvisesham locl news