കുടിവെള്ള പൈപ്പിലെ ചോർച്ചയെ തുടർന്ന് കുളവിക്കോണം ജംഗ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
നെടുമങ്ങാട്: പൈപ്പ് ചോർച്ചയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് നഗരമധ്യത്തിലെ തിരക്കേറിയ കുളവിക്കോണം ജംഗ്ഷനിൽ യാത്രക്കാർക്ക് ദുരിതമാകുന്നു. കാൽനടയാത്രക്കാർ വെള്ളക്കെട്ടൊഴിഞ്ഞ് റോഡിന്റെ നടുക്കുകൂടി സഞ്ചരിക്കുന്നത് വൻ അപകടങ്ങൾക്കാണ് ഇടയാക്കുന്നത്.വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ വെള്ളം യാത്രക്കാരുടെ മേൽ പതിക്കുന്നത് ദുരിതം ഇരട്ടിപ്പിക്കുന്നു.ആര്യനാട്, കാട്ടാക്കട പ്രധാന റോഡിൽ സ്റ്റാർ ഹാർഡ് വെയറിനു മുന്നിൽ ഒരാഴ്ചയായി തുടരുന്ന പൈപ്പ് ചോർച്ചയാണ് കുളവിക്കോണം ബസ് സ്റ്റോപ്പിനും മഹാദേവ ജ്യോതിഷാലയത്തിനും ഇടയിൽ വലിയ വെള്ളക്കെട്ടായി മാറിയത്.
വിളിപ്പാടകലെ മഞ്ചയിൽ സ്ഥിതിചെയ്യുന്ന വാട്ടർ അഥോറിട്ടി ഓഫിസിൽ പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി. നെട്ടിറച്ചിറ, മുക്കോലയ്ക്കൽ ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് കുളവിക്കോണത്ത് ചോർന്നൊഴുകുന്നത്. ഈ ലൈനിൽ ശുദ്ധജലത്തിനായി സ്ഥലവാസികൾ പരക്കം പായുമ്പോഴാണ് ദുരവസ്ഥ.
Tags : Nattuvishesham DistrictNews DeepikaNews