ഫെസ്റ്റ് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
സുൽത്താൻ ബത്തേരി: ത്രിതല പഞ്ചായത്തുകളുമായി ഏകോപിപ്പിച്ച് അവോക്കാഡോ കൃഷി വ്യാപിപ്പിച്ച് വയനാടിനെ രാജ്യത്തെ പ്രധാന അവോക്കാഡോ ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കന്പനി കൃഷിവകുപ്പിന്റെ സഹകരണത്തോടെ ബത്തേരി മുനിസിപ്പൽ ടൗണ്ഹാളിൽ സംഘടിപ്പിച്ച രണ്ടാമത് അവോക്കാഡോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രീയ കൃഷിരീതികൾ, വിളവെടുപ്പിന് ശേഷമുള്ള (പോസ്റ്റ് ഹാർവെസ്റ്റ്) സാങ്കേതിക വിദ്യകൾ, കോൾഡ് ചെയിൻ സംവിധാനം, മൂല്യവർധിത ഉത്പന്ന നിർമാണം, കയറ്റുമതി ഉൾപ്പെടെയുള്ള വിപണന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയാണ് വയനാടിനെ അവോക്കാഡോ ഹബ്ബാക്കി വികസിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
അവോക്കാഡോയെക്കുറിച്ചുള്ള സമഗ്ര പഠനത്തിനായി ലോകത്തിന്റെ ശ്രദ്ധ വയനാട്ടിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള കാർഷിക വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെസ്റ്റിന്റെ ഭാഗമായി അവോക്കാഡോ മൂല്യവർധിത ഉത്പന്ന നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സഹകരണത്തിനായി കേന്ദ്രസർക്കാർ സ്ഥാപനമായ മൈസൂരുവിലെ സിഎഫ്ടിആർഐയും വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കന്പനിയും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.
ഇന്ത്യയിലെ പ്രമുഖരായ ഇരുപതോളം ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സാങ്കേതിക സംവാദങ്ങൾ, ഇൻവെസ്റ്റേഴ്സ് മീറ്റ്, കാർഷികവ്യവസായ പ്രദർശനം എന്നിവ രണ്ട് ദിവസങ്ങളിലായി ഫെസ്റ്റിന്റെ ഭാഗമായി നടക്കും.ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. എ.ടി. സുരേഷ്, ഡോ. പി. മണിലാൽ, വെള്ളയാണി കാർഷിക സർവകലാശാല കോളജ് ഓഫ് അഗ്രികൾച്ചറിലെ പ്രഫ. ഡോ. യാമിനി വർമ്മ, കിസാൻ സർവീസ് സൊസൈറ്റി ചെയർമാൻ ജോസ് തയ്യിൽ, വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കന്പനി ചെയർമാൻ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews