ഓണാഘോഷ സംഘാടക സമിതി രൂപീകരണ യോഗം
കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ജനകീയ പങ്കാളിത്തത്തോടെ വിപുലമായി നടത്താന്‍ തീരുമാനം. ഓഗസ്റ്റ് 24 മുതല്‍ 30 വരെ വിവിധ വേദികളിലായി നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും സംഘാടക സമിതിയോഗത്തില്‍ ധാരണയായി. രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനകള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കും. വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിക്കാനും പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ക്ക് അവസരമൊരുക്കാനും യോഗത്തില്‍ തീരുമാനമായി.
ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ജില്ലാതലത്തില്‍ പൂക്കള മത്സരം ഒരുക്കും. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികള്‍ അണിനിരക്കുന്ന മത്സരം താലൂക്ക് അടിസ്ഥാനത്തിലാണ് നടക്കുക. ഓരോ താലൂക്കില്‍നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വീതം ടീമുകളുടെ പൂക്കളങ്ങള്‍ ജില്ലയില്‍നിന്നുള്ള പ്രത്യേക ജഡ്ജിംഗ് പാനല്‍ വിലയിരുത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിര്‍ണയിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഓണ്‍ലൈനായി ചെയ്തു. കോഴിക്കോടിന്റെ പെരുമ നിലനിര്‍ത്തുന്ന രീതിയില്‍ ആഘോഷം വിപുലമായി സംഘടിപ്പിക്കണമെന്നും പരിപാടിക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കെ.ജയന്ത് എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ അഡ്വ. കെ പ്രവീണ്‍ കുമാര്‍ , എംഎ റസാഖ് , അഡ്വ. ഫൈസല്‍ ബാബു, കെ.കെ. രമ, കെ.എം. അഭിജിത്ത്, ഫാത്തിമ തഹ്ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി, സബ് കളക്ടര്‍ ഗൗതം രാജ്, അസി. കളക്ടര്‍ മാളവിക ജി നായര്‍, കോഴിക്കോട് സിറ്റി അഡീഷണല്‍ എസ് .പി.സുനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓണാഘോഷത്തില്‍ പരിപാടി
അവതരിപ്പിക്കാം
കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ കോഴിക്കോട് ജില്ലയിലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. കലാകാരന്മാര്ക്കും കലാ സമിതികള്‍ക്കും അപേക്ഷിക്കാം.
ആവശ്യമായ രേഖകള്‍ സഹിതം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, മാനാഞ്ചിറ, കോഴിക്കോട് 01 എന്ന വിലാസത്തില്‍ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ ലഭിക്കണം. ഫോണ്‍: 0495 2720012.