ആദിത്യപുരം കവലയില്‍ ബസിടിച്ചു തകര്‍ന്ന വൈദ്യുതി പോസ്റ്റ്.
കടുത്തുരുത്തി: തോടുകള്‍ കര കവിഞ്ഞൊഴുകിയതോടെ കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തിലായി. ആപ്പുഴ, എരുമത്തുരുത്ത്, മാന്നാര്‍, കാന്താരിക്കടവ്, എഴുമാന്തുരുത്ത്, മുണ്ടാര്‍ പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
രണ്ട് ദിവസമായി തുടരുന്ന മഴയുടെ ശക്തി കുറയാത്തതും കിഴക്കന്‍ വെള്ളത്തിന്റെ വരവും തോടുകള്‍ കരകവിഞ്ഞ് പറമ്പുകളിലേക്ക് വെള്ളം കയറാനിടയാക്കുകയാണ്. പല വീടുകളുടെയും മുറ്റത്തടക്കം വെള്ളം കയറിയിട്ടുണ്ട്. കടുത്തുരുത്തി വലിയതോടും ചുള്ളിത്തോടും പലയിടത്തും കര കവിഞ്ഞൊഴുകുകയാണ്.
കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്. റോഡുകള്‍ പലതും വെള്ളത്തിലായതോടെ പല റോഡുകളിലും വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗ്രാമീണ റോഡുകള്‍ പലതും വെള്ളത്തിലായതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുരിതമായി.
മഴ ശക്തമായതിനൊപ്പം വൈദ്യുതി മുടക്കവും പതിവായി. കാറ്റിലും മഴയിലും പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. ആദിത്യപുരം ജംഗ്ഷനില്‍ ബസിടിച്ചു വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്ത് ഇന്നലെ ഉച്ച കഴിഞ്ഞ് മുതല്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews submerged