കീരിത്തോട്-പകുതിപ്പാലത്ത് ഇന്നലെ രാവിലെയുണ്ടായ ഉരുൾപൊട്ടൽ.
ചെറുതോണി: അതിതീവ്ര മഴയിൽ ജില്ലയുടെ മലയോര മേഖല വിറച്ചു. കീരിത്തോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇടുക്കി-നേര്യമംഗലം സംസ്ഥാന പാതയിൽ കീരിത്തോട്ടിലും തട്ടേക്കണ്ണിയിലും മണ്ണിടിഞ്ഞു ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ചെറുതോട്ടപ്പടിയിൽ റോഡിന്റെ വശമിടിഞ്ഞു വെയിറ്റിംഗ് ഷെഡ് തകർന്നു.
പകുതിപ്പാലത്ത് വീട് ഭാഗികമായി തകർന്നു. മഴക്കെടുതിയില്‍പ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ കഞ്ഞിക്കുഴി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
തട്ടേക്കണ്ണി കമ്യൂണിറ്റി ഹാളിൽ ഏഴ് കുടുംബങ്ങളും കീരിത്തോട് ഗവ. എല്‍പി സ്കൂളിൽ മൂന്നു കുടുംബങ്ങളുമുണ്ട്. പെരിയാർ വാലിയിൽ ചൂരക്കുഴിയിൽ ജോയിയുടെ വീടിന്റെ പുറകുവശമിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. തടിയമ്പാട് മടത്തുംകടവ് ഷേത്രത്തിനു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി തടസം നീക്കി.
പെരിയാർ കരകവിഞ്ഞൊഴുകിയതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട് മേഖലയിൽ പതിനഞ്ചോളം കുടുംബങ്ങൾ ദുരിതത്തിലായി. പഞ്ചായത്തിലെ നാലാം വാർഡ് ഉൾപ്പെടുന്ന ഭാഗത്ത് രാത്രിയോടെ വെള്ളം കയറി. വാഹനങ്ങൾ വടത്തിൽ കെട്ടിവലിച്ചു സുരക്ഷിത സ്ഥലങ്ങളിലേ മാറ്റി.
തടിയമ്പാട്-ചെറുതോണി റോഡിന്റെ വിവിധ ഭാഗങ്ങളിലും പ്രധാന റോഡുകളിലും മണ്ണിടിഞ്ഞു. ദുരന്തസാധ്യത മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
Tags : Nattuvishesham DistrictNews DeepikaNews torrential rains