അടുവാപ്പുറത്ത് കാട്ടുപന്നി നശിച്ച കൃഷികൾ.
അടുവാപ്പുറം: അടുവാപ്പുറം മീത്തിലേക്കരി സ്വദേശി എ.വി. ലക്ഷ്മണന്റെ 25 സെന്റ് പുരയിടത്തിലെ കപ്പയും കൂവകൃഷിയും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വിളവെടുപ്പിന് പാകമായി നിന്നിരുന്ന കപ്പയും കൂവയുമാണ് പന്നികൾ കുത്തിമറിച്ചും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. മാസങ്ങളോളം രാപകലില്ലാതെ അധ്വാനിച്ചുണ്ടാക്കിയ വിളകൾ പൂർണമായും നശിച്ചതോടെ ലക്ഷ്മണന് വലിയ നഷ്ടമാണുണ്ടായത്.
അടുവാപ്പുറം മേഖലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടുപന്നിശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ലക്ഷ്മണന് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പും മലപ്പട്ടം പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്നും കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.
Tags :