കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പെരുവന്പാടം മുതുവാൻ ആദിവാസി നഗറിലെ ഗിരീഷിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
നിലന്പൂർ: പെരുവന്പാടത്ത് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പെരുവന്പാടം മുതുവാൻ ആദിവാസി നഗറിലെ ഗിരീഷിനാണ് (53) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ അകന്പാടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
കൂണ് ശേഖരിക്കാൻ കൂട്ടുകാർക്കൊപ്പം പോകുന്പോൾ കുറുവൻപുഴയുടെ ഇടിവണ്ണ ഈക്കാട് ഭാഗത്ത് കാട്ടിൽ മറഞ്ഞുനിന്ന കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാനയെ കണ്ട് കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ കാട്ടാന ഗിരീഷിന് നേരേ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. നെഞ്ചിന്റെ ഇടത് ഭാഗത്തിനു താഴെയും വയറിനും പരിക്കുണ്ട്. തോളെല്ലിന് പൊട്ടലേറ്റു.
വീണു കിടന്ന ഗിരീഷിനെ മറികടന്ന് കാട്ടാന എടക്കോട് വനമേഖലയിലേക്ക് പോയതിനാലാണ് ഗിരീഷ് വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
പെരുവന്പാടം മേഖല കഴിഞ്ഞ ഒരു വർഷത്തിലേറെയായി കാട്ടാന ഭീതിയിലാണ്. പെരുവന്പാടത്തെ മലയോര കർഷകരും ആദിവാസി കുടുംബങ്ങളും ഇതുമൂലം ഭയന്നാണ് കഴിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ നാശം വിതച്ചത്.
പെരുവന്പാടത്ത് വീടുകളുടെ ജനലുകൾ തകർക്കുകയും നിരവധി യാത്രക്കാരെ പിന്നാലെ കൂടി ഓടിക്കുകയും ചെയ്യുന്ന അപകടകാരിയായ മോഴയാന കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പെരുവന്പാടത്തിന് സമീപമുള്ള എടക്കോട് വനമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ശല്യക്കാരനായ കാട്ടാനയെ പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റി വിടണമെന്നാവശ്യം വാർഡംഗം അച്ചാമ്മ ജോസഫ് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
Tags : Nattuvishesham DistrictNews DeepikaNews elephant attack