ഓടപ്പള്ളം ബാലചന്ദ്രന്റെ നെൽകൃഷി കാട്ടാന നശിപ്പിച്ച നിലയിൽ.
സുൽത്താൻ ബത്തേരി: വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങളായ തൂക്ക് വേലിയും കിടങ്ങും മറികടന്നെത്തിയ കാട്ടാന നെൽകൃഷി നശിപ്പിച്ചു. ഓടപ്പള്ളം ബാലചന്ദ്രന്റെ നെൽകൃഷിയാണ് കഴിഞ്ഞദിവസങ്ങളിൽ ഇറങ്ങിയ കാട്ടാന നശിപ്പിച്ചത്.
വനാതിർത്തിയിൽ വനംകുപ്പ് സ്ഥാപിച്ച തൂക്ക് വേലിക്കുമുകളിലേക്ക് മരം മറിച്ചിട്ടാണ് കാട്ടാന തടസം മറികടക്കുന്നത്. തുടർന്ന് വനാതിർത്തിയിലെ പ്രതിരോധ കിടങ്ങും നാലുവരി ഫെൻസിംഗും കർഷകൻ കൃഷിയിടത്തിനുചുറ്റും സ്വന്തം നിലയിൽ സ്ഥാപിച്ച ഫെൻസിംഗും തകർത്താണ് കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരത്തിൽ കൃഷിയിടത്തിൽ എത്തുന്ന കാട്ടാന നെല്ല്, കമുക് തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. ഇത്തവണ മഴയില്ലാത്തതിനാൽ ഒഴുകിയെത്തുന്ന വെള്ളം വയലുകളിലേക്ക് തിരിച്ചുവിട്ട് ഏറെ ബുദ്ധിമുട്ടിയാണ് ബാലചന്ദ്രൻ നെൽകൃഷി ചെയ്തിരിക്കുന്നത്. ഇതാണ് കാട്ടാന നശിപ്പിച്ചത്.
കാട്ടാനയെ തുരത്താൻ ശ്രമിച്ചാലും അവ വയലിൽ തുടരുകയാണ് പതിവ്. വനംവകുപ്പിനെ വിവരം അറിയിച്ച് വാച്ചർമാർ എത്തുന്പോഴേക്കും നെൽകൃഷി നശിപ്പിച്ചിട്ടുണ്ടാകും. അതിനാൽ വനാതിർത്തിയിൽ കാവൽ ശക്തിപെടുത്തി കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.
കാട്ടാനയെ തുരത്താൻ കുംകികളെത്തി
സുൽത്താൻ ബത്തേരി: ഓടപ്പള്ളം പ്രദേശത്ത് കാർഷിക വിളകൾ നശിപ്പിച്ച് ഭീതിപരത്തുന്ന കാട്ടാനയെ തുരത്താനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു.
മുത്തങ്ങ പന്തിയിലെ ഭരത്, വിക്രം എന്നീ കുംകികളെ എത്തിച്ചാണ് കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. താത്തൂർ സെക്ഷനിലെ കത്തിവരകൊല്ലി, പാറകൊല്ലി, ഓനച്ചൻകവല എന്നിവിടങ്ങളിലാണ് കാട്ടാനയ്ക്കായി ഇന്നലെ തെരച്ചിൽ നടത്തിയത്. വരുംദിവസങ്ങളിലും കാട്ടാനയ്ക്കായി കുംകികളെ ഉപയോഗിച്ച് തെരച്ചിൽ തുടരും.
കുറിച്യാട് റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. പ്രകാശന്റെ നേതൃത്വത്തിലാണ് തുരത്തൽ നടപടികൾ നടക്കുന്നത്. എത്രയുംവേഗം ശല്യക്കാരനായ കാട്ടാനയെ കുംകികളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്തി കർഷകരെയും വിളകളേയും സംരക്ഷിക്കാനുള്ള നടപടികളാണ് വനംവകുപ്പ് ആലോചിക്കുന്നത്.