കാട്ടാന
നിലന്പൂർ: ശല്യക്കാരായ കാട്ടാനകളെ കാടു കയറ്റാതെ വനംവകുപ്പ്. ജനവാസ മേഖലയിൽ നിലയുറപ്പിച്ച് കാട്ടാനകൾ. പന്തീരായിരം ഉൾവനത്തിൽനിന്ന് തീറ്റയും വെള്ളവും തേടി ജനവാസമേഖലയോട് ചേർന്ന എടക്കോട്, പൊക്കോട്, കാനകുത്ത് ഭാഗങ്ങളിൽ തന്പടിച്ചിട്ടുള്ള കാട്ടാനകളെ കാടു കയറ്റാൻ നടപടിയെടുക്കാതെ വനംവകുപ്പ് മുന്നോട്ട് പോകുന്നതാണ് ജനവാസ മേഖലകളിൽ ഭീതി വിതച്ച് കാട്ടാനകൾ നിലയുറപ്പിക്കാൻ കാരണം.
നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നിലന്പൂർ കനോലി പ്ലോട്ടിൽ യോഗം ചേരുകയും ജനവാസകേന്ദ്രത്തിലെത്തുന്ന കാട്ടാനകളെ ഉടൻ പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റിവിടുമെന്ന് പറഞ്ഞതല്ലാതെ കാര്യമായ തുടർ നടപടികൾ ഉണ്ടായില്ല. നിലന്പൂർ നഗരസഭാ ചെയർപേഴ്സണ് പദ്മിനി ഗോപിനാഥ്, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷ് ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നു.
കാട്ടാനകൾ ജനവാസ മേഖലയോട് ചേർന്ന വനഭാഗങ്ങളിൽ തന്പടിക്കുകയും പ്രദേശത്തെ വീടുകളുടെ ഗേറ്റുകളും മതിലുകളും തകർക്കുകയും ചെയ്യുകയാണ്. നിലന്പൂർ നഗരസഭയുടെ കരിന്പുഴ, പാത്തിപ്പാറ, കോവിലകത്തുമുറി, ആശുപത്രിക്കുന്ന് ഭാഗങ്ങളിലും ചാലിയാർ പഞ്ചായത്തിലെ മൈലാടിപൊട്ടി, മൈലാടി, പെരുന്പത്തൂർ, ആലോടി, പെരുവന്പാടം, മൂലേപ്പാടം ഭാഗങ്ങളിലും ഭീതി വിതക്കുന്നത് പന്തീരായിരം വനത്തിൽനിന്നിറങ്ങുന്ന കാട്ടാനകളാണ്.
വനംവകുപ്പും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും വകുപ്പ് മന്ത്രിയും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശല്യക്കാരായ കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റി വിടണമെന്നാണ് ആവശ്യം. സോളാർ വൈദ്യുത വേലികൾ തകർത്താണ് പല ഭാഗങ്ങളിലും കാട്ടാനകൾ എത്തുന്നത്. പെരുവന്പാടത്ത് പട്ടാപ്പകൽ മുതുവാൻ ആദിവാസി നഗറിലെ ഗിരീഷി (53)നാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒടുവിൽ പരിക്കേറ്റത്.
Tags : Nattuvishesham DistrictNews DeepikaNews Wild elephants