ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ കാട്ടാന നശിപ്പിച്ച അന്തീനാട്ട് മാത്യുവിന്റെ കുലച്ച വാഴകൾ.
ഇരിട്ടി: ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. അന്തീനാട്ട് മാത്യുവിന്റെ 100 ഓളം കുലച്ച വാഴകൾ, കവുങ്ങ്, വെള്ളം നനയ്ക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് എന്നിവ തകർത്തു.
ആറളം ഫാമിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് നാട്ടുകാർ സ്ഥാപിച്ചിരുന്ന തൂക്കുവേലി തകർത്താണ് ആന കൃഷിയിടത്തിൽ പ്രവേശിച്ചത്. രണ്ടുവർഷം മുന്പ് വേലി സ്ഥാപിച്ചതോടെ ആനയുടെ ശല്യം കുറഞ്ഞിരുന്നു.
മേഖലയിൽ കുരങ്ങിന്റെ ശല്യം കാരണം കാർഷിക വിളകൾ പരിപാലിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് വീണ്ടും ആനകളുടെ വിളയാട്ടം. വിളവെടുക്കാൻ പാകമായ 100 ഓളം വാഴകളാണ് ആനകൾ ചവിട്ടിമെതിച്ചത്.