മുസിരിസ് ജലയാനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം പറവൂര്‍ തട്ടുകടവ് ബോട്ട് ജെട്ടിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
പറവൂര്‍: മുസിരിസ് പദ്ധതിയെ ഒരു അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും നിലവിലെ ബോട്ട് സര്‍വീസും കയാക്കിംഗും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. മുസിരിസ് ജലയാനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം പറവൂര്‍ തട്ടുകടവ് ബോട്ട് ജെട്ടിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏഴിക്കര, കോട്ടപ്പുറം, അഴീക്കോട് എന്നിവിടങ്ങളിലേക്കും മൂന്നുനാല് നിയോജക മണ്ഡലങ്ങളിലേക്കും അവിടുത്തെ ബീച്ചുകളിലേക്കും ബോട്ട് സര്‍വീസും കയാക്കിംഗും വ്യാപിപ്പിക്കും.
കൊടുങ്ങല്ലൂര്‍, അഴീക്കോട്, കൈപ്പമംഗലം, വൈപ്പിന്‍ പ്രദേശങ്ങളും ഇതിന്റെ ഭാഗമായി ബന്ധിപ്പിക്കും. ഗോതുരുത്തിലെ ചവിട്ടുനാടക കലാകേന്ദ്രം, പാരമ്പര്യ ഭക്ഷണം നല്കുന്ന റസ്റ്ററന്റുകള്‍ എന്നിവ കൂടുതല്‍ വികസിപ്പിക്കും. പുതിയ മ്യൂസിയങ്ങളും വാട്ടര്‍ സ്പോര്‍ട്സ് സൗകര്യങ്ങളും സ്ഥാപിക്കും. വിനോദസഞ്ചാരികള്‍ക്കായി പറവൂരിലും കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും വലിയ ഹോട്ടല്‍ ഗ്രൂപ്പുകളുമായി സഹകരിച്ച് പുതിയ സ്റ്റാര്‍ ഹോട്ടലുകളും റസ്റ്ററന്റുകളും കൊണ്ടുവരും. ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ഉള്‍പ്പെടെയുള്ള മുസിരിസ് മേഖലകളില്‍ വലിയ പദ്ധതികള്‍ മുന്‍ഗണനയോടെ നടപ്പിലാക്കും. റോഡ് മാര്‍ഗത്തിനും പുറമേ ഉള്‍നാടന്‍ ജലാശയങ്ങളിലൂടെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മുന്‍പ് നടത്തിയ ബോട്ട് സര്‍വീസുകള്‍ യാതൊരു മാര്‍ക്കറ്റിംഗും കൂടാതെ വലിയ ലാഭത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സേവനങ്ങള്‍ നിലച്ചു.
സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം കൂടുതല്‍ പുതിയ ബോട്ടുകള്‍ എത്തിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കും. പഴയ കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ ചേന്നമംഗലത്തുള്ള പാലിയം നാലുകെട്ടും, ഡച്ചുകാര്‍ നിര്‍മിച്ച് തകര്‍ച്ചയുടെ വക്കിലായിരുന്ന ഡച്ച് പാലസും പുനഃസൃഷ്ടിച്ച് വലിയ മ്യൂസിയങ്ങളാക്കി മാറ്റിയെന്നും ഇനിയുമേറെ വികസനം മുസിരിസിനെ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായി. കെ.കെ. വത്സരാജ് എംഎല്‍എ വിശിഷ്ടാതിഥിയായി. നോര്‍ത്ത് പറവൂര്‍ നഗരസഭാ ചെയർപേഴ്സണ്‍ രമേശ് ഡി. കുറുപ്പ്, വൈസ് ചെയര്‍പേഴ്സണ്‍ ലൈജി ബിജു, ടൂറിസം വകുപ്പ് ഡയറക്ടര്‍ എം. അഞ്ജന, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.എസ്. ഷൈന്‍, വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാർ, വാര്‍ഡ് അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews