ഗോപികയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ കാണാനെത്തിയ സമീപവാസികൾ.
വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ജോലിചെയ്ത് അച്ഛനും അമ്മയ്ക്കും കൈത്താങ്ങാകുക.. താഴെയുള്ള സഹോദരങ്ങളുടെ പഠനച്ചെലവുകൾ നോക്കുക... നിറയെ സ്വപ്നങ്ങളുമായാണ് ഗോപിക പഠിച്ചത്. അവൾ യാത്രയാകുന്പോൾ ആ സ്വപ്നങ്ങളെല്ലാം പൊലിയുന്നു...
നെടുമ്പാശേരി എയർപോർട്ട് അത്താണി റോഡിലുണ്ടായ ദാരുണമായ അപകടത്തിലാണ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഗോപികയും മരിച്ചത്. കരിന്പ ഇടകുർശി കുറ്റിച്ചോല മുള്ളൻകുഴിയിൽ പ്രദീപിന്റെ മകളാണ് ഗോപിക (21).
എറണാകുളത്ത് ബിസിഎ പഠനം പൂർത്തിയായ ശേഷം കംപ്യൂട്ടർ കോഴ്സ് ചെയ്യുകയായിരുന്നു. വീട്ടുകാരുടെ സാന്പത്തികഭാരം കുറയ്ക്കാൻ പാർട്ട്ടൈം ആയി ജോലിയും ചെയ്തിരുന്നു. പഠനം പൂർത്തിയാകാൻ ഇനി ഏതാനും നാളുകൾ മാത്രമുള്ളപ്പോഴാണു ദുരന്തം.
രാവിലെ മുതൽ ഉച്ചവരെയായിരുന്നു ഗോപികയ്ക്ക് ക്ലാസ്. അതു കഴിഞ്ഞാൽ പാർട്ട് ടൈം ജോലി. ശനിയാഴ്ചയായതു കൊണ്ട് ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു തിരിച്ചുവരുമ്പോഴാണ് അമിത വേഗത്തിൽ വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്.
പത്താം ക്ലാസും പ്ലസ്ടുവും തച്ചമ്പാറ സ്കൂളിലാണ് പൂർത്തീകരിച്ചത്. പഠനത്തിൽ മിടുക്കിയായിരുന്നു ഗോപിക. അച്ഛൻ പ്രദീപ് ഓട്ടോ ഡ്രൈവറാണ്, അമ്മ: സജിത, സഹോദരങ്ങൾ: അഭിജിത്, ദീപിക. സംസ്കാരം ഇന്നു രാവിലെ 10.30ന് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.
Tags : NattuVishesham DistrictNews