തൃശൂർ: ലോകകപ്പ് വിളംബരമായി അർജന്റൈൻ, ബ്രസീലിയൻ ജഴ്സികളണിഞ്ഞു കളിക്കളത്തിലിറങ്ങി ആവേശമായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ.
വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, ഇട്ടി മാത്യു, സി.ഡി. ഫ്രാൻസീസ്, കെ.എഫ്. ബെന്നി, സോളി സേവ്യർ, തൃക്കൂർ സന്തോഷ്, സുർജിത്, സി.വി. സണ്ണി, അശോക് കുമാർ തുടങ്ങിയവരും കോച്ചുമാരായ എം. പീതാംബരൻ, അസീസ് തുടങ്ങിയവരും കളിക്കളത്തിലിറങ്ങി. എതിർടീമിൽ ഡിഎഫ്എ പ്രസിഡന്റ് സി. സുമേഷ് ഉൾപ്പടെ കളിക്കാനുണ്ടായിരുന്നു. മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കു ഡിഎഫ്എ ടീം വിജയിച്ചു.
ആദ്യമത്സരത്തിൽ കോർപറേഷൻ കൗൺസിലർമാരും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം രാജൻ പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. നിജി ജസ്റ്റിൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ്, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local Desk World Cup excitement Thrissur