പുത്തൂർ: സുവോളജിക്കൽ പാർക്കിലേക്ക് സന്ദർശകപ്രവാഹം തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 12,269 പേരാണ് സുവോളജിക്കൽ പാർക്ക് സന്ദർശിച്ചത്. നവംബർ ഒന്നുമുതൽ ഡിസംബർ മൂന്നുവരെയാണ് 12269 പേർ സന്ദർശിച്ചത്.
134 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുളളവരാണ് സന്ദർശിക്കാനെത്തിയത്. ഇതിൽ 10,736 വിദ്യാർഥികളും 1533 ജീവനക്കാരുമാണ് പാർക്ക് സന്ദർശിച്ചത്. തമിഴ്നാട്ടിൽ നിന്നടക്കമുളള വിദ്യാർഥികൾ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്നവർക്കാണ് സൗജന്യമായി പ്രവേശനം അനുവദിക്കുന്നത്. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചതിരിഞ്ഞ് മൂന്നുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം.
പൊതുജനക്കുള്ള പ്രവേശനം സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ല. നേരത്തേ പൊതുജനങ്ങൾക്ക് ജനുവരിയിൽപ്രവേശനം അനുവദിക്കാനായിരുന്നു തീരുമാനം. എന്നാൽ മാനുകൾ കൂട്ടത്തോടെ ചത്തതുമായി ബന്ധപ്പെട്ട വിവാദവും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് തടസമായി. തെരഞ്ഞെടുപ്പിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു സുവോളജിക്കൽ പാർക്ക് അധികൃതർ അറിയിച്ചു. ഓക്ടോബർ 28 നാണ് സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.