സാങ്കേതിക സർവകലാശാല ഈ വർഷം ഇയർ ഔട്ട് നടപ്പിലാക്കില്ല
Friday, May 17, 2024 10:06 PM IST
തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ ഈ വർഷവും ഇയർ ഔട്ട് നടപ്പിലാക്കേണ്ടന്ന് സിൻഡിക്കേറ്റ് തീരുമാനം. വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് അഞ്ച്, ഏഴ് സെമസ്റ്ററുകളിലേക്കുള്ള പ്രവേശനത്തിന് മിനിമം ക്രെഡിറ്റ് മാനദണ്ഡം വേണ്ടെന്ന് വൈസ് ചാൻസലർ ഡോ സജി ഗോപിനാഥിന്റെ അധ്യക്ഷതയിൽ കൂടിയ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
അഞ്ചാം സെമെസ്റ്ററിലേക്ക് പ്രവേശിക്കുന്നതിന് ആദ്യ രണ്ട് സെമെസ്റ്ററുകളിൽ നിന്നായി 21 ക്രെഡിറ്റും ഏഴാം സെമെസ്റ്ററിലേക്കും പ്രവേശിക്കുന്നതിന് ആദ്യ നാല് സെമെസ്റ്ററുകളിൽ നിന്നായി 47 ക്രെഡിറ്റും വിദ്യാർഥികൾ നേടിയിരിക്കണമെന്ന മാനദണ്ഡമാണ് ഈ വർഷം നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ചത്.