ഓണ്‍ലൈൻ പഠനത്തിന് ആരോഗ്യ സർവകലാശാലയുടെ മാർഗ നിർദേശങ്ങൾ
Tuesday, March 24, 2020 8:32 PM IST
തൃശൂർ: കോവിഡ് പ്രതിരോധ കാലഘട്ടത്തിൽ ആരോഗ്യ ശാസ്ത്ര സർവകലാശാല തങ്ങളുടെ അഫിലിയേറ്റഡ് കോളജ് വിദ്യാർഥികൾക്ക് ഓണ്‍ലൈൻ പഠനത്തിന് ഉപകരിക്കുന്ന ക്രിയാത്മകമായ മാർഗനിർദേശങ്ങൾ ഇറക്കി.
ക്ലാസുകൾ സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ വിദ്യാർത്ഥികൾ കോളജുകളിൽനിന്നും വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, അധ്യാപനവും പഠനവും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് സർവകലാശാല നിർദേശം നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈൻ ക്ലാസുകൾ, ചെറു പരീക്ഷകൾ, ഓണ്‍ലൈൻ നോട്ടുകൾ, വിദ്യാഭ്യാസ വീഡിയോകൾ, ക്വിസ് പ്രോഗ്രാമുകൾ, ഓണ്‍ലൈൻ അസൈൻമെന്റുകൾ, വീഡിയോ കോണ്‍ഫറൻസിംഗ് ഉപയോഗിച്ചുള്ള പരിപാടികൾ, മൂഡിൽ പോലുള്ള ആധുനിക ലേണിംഗ് പ്ലാറ്റ്ഫോമുകൾ വഴി വിതരണം ചെയ്യാവുന്ന മോഡ്യൂളുകൾ, ആപ്പുകൾ ആയി രൂപപ്പെടുത്തിയ പഠന സഹായ സാമഗ്രികൾ എന്നിങ്ങനെ വൈവിധ്യമാർന്ന അദ്ധ്യാപനപഠന സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം. കുട്ടികൾ ഇവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.
ഈ പ്രവർത്തനങ്ങളിൽ ആരോഗ്യ സർവകലാശാല നൂതന വിദ്യാഭ്യാസ രീതികളിൽ പരിശീലനം നൽകിയിട്ടുള്ള ഇരുന്നൂറോളം അധ്യാപകരുടെ സേവനം "വർക്കിംഗ് ഫ്രം ഹോം’ മാതൃകയിൽ ഉപയോഗപ്പെടുത്താവുന്നതാണെന്നും നിർദേശിച്ചിട്ടുണ്ട്. ഇങ്ങനെ തയാറാക്കപ്പെടുന്ന നല്ല മാതൃകകളെ സർവകലാശാല പ്രോത്സാഹിപ്പിക്കുന്നതും, ഭാവിയിൽ സർവകലാശാലയുടെ മുൻകൈയിൽതന്നെ നടപ്പാക്കാൻ സഹായിക്കുന്നതുമാണെന്നും അധികൃതർ അറിയിച്ചു.