ഇന്റഗ്രേറ്റഡ് ബിഎഡ് അഡ്മിഷന് പൊതു പ്രവേശന പരീക്ഷ
Monday, April 6, 2020 10:45 PM IST
നാഷണൽ കൗണ്‍സിൽ ഓഫ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (എൻസിഇആർടി) കീഴിലുള്ള വിവിധ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇന്റഗ്രേറ്റഡ് ബിഎഡ്, എംഎഡ് കോഴ്സുകളിലേക്കും ബിഎഡ്, എംഎഡ് ദ്വിവത്സര കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
ഹൈസ്കൂൾ തലത്തിൽ മികച്ച അധ്യാപകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇന്റഗ്രേറ്റഡ് കോഴ്സുകളിലേക്ക് പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. മൈസൂർ, ആജ്മിർ, ഭോപ്പാൽ, ഭുവനേശ്വർ, ഷില്ലോംഗ്, ഝജ്ജാർ (ഹരിയാന) എന്നിവിടങ്ങളിലാണ് റീജണ്‍ ഇൻസ്റ്റിറ്റ്യൂട്ടകൾ ഉള്ളത്. ഇതിൽ മൈസൂറിലേക്കും ഝജ്ജാറിലെ 20 ശതമാനം സീറ്റുകളിലേക്കുമാണു കേരളത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാവുന്നത്. അപേക്ഷാ ഫീസ് 1000 രൂപ. സംവരണ വിഭാഗങ്ങൾക്ക് 500 രൂപ.
നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ബിഎബിഎഡ്, ബിഎസ്സി ബിഎഡ്, ആറു വർഷത്തെ എംഎസ്സി ബിഎഡ് കോഴ്സുകൾക്കും രണ്ടു വർഷത്തെ ബിഎഡ്, എംഎഡ് കോഴ്സുകൾക്കുമാണ് അപേക്ഷിക്കാവുന്നത്. ഫിസിക്കൽ, ബയോളജിക്കൽ ഗ്രൂപ്പിൽ ഇന്റഗ്രേറ്റഡ് കോഴ്സുകളും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ബിഎഡ്, എംഎഡ് കോഴ്സുകളുമാണു മൈസൂർ കേന്ദ്രത്തിൽ നടത്തുന്നത്. ഫിസിക്കൽ, ബയോളജിക്കൽ ഗ്രൂപ്പിലാണ് ഝജ്ജാർ കേന്ദ്രത്തിൽ ഇന്റഗ്രേറ്റഡ് കോഴ്സുള്ളത്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് സ്ട്രീമിലും ബോട്ടണി, സുവോളജി, കെമിസ്ട്രി സ്ട്രീമിലുമായി നടത്തുന്ന ബാച്ചിലർ ഓഫ് സയൻസ് എഡ്യൂക്കേഷന്‍ ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ബിഎബിഎഡ് കോഴ്സിന് മാനവിക വിഷയത്തിൽ പ്ലസ്ടു പാസാകണം. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് ബിഎഡ് കോഴ്സിനും 50 ശതമാനം മാർക്കു നേടിയവർക്ക് എംഎഡ് കോഴ്സിന് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: https://cee.ncert.gov.in. മേയ് നാലിനകം അപേക്ഷിക്കണം.
മേയ് 24നാണു പ്രവേശന പരീക്ഷ. കേരളത്തിൽ കൊച്ചി മാത്രമാണു പരീക്ഷാ കേന്ദ്രം. സിലബസും മുൻകാല ചോദ്യ പേപ്പറുകളും വെബ്സൈറ്റിലുണ്ട്.