ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ ഹിന്ദി എംഎയ്ക്ക് തുല്യമായ കോഴ്സ് പഠിച്ച ആളാണ്. ഈ യോഗ്യതയുടെ അടിസ്ഥാനത്തിൽ കേരള പിഎസ്സി വിവിധ ജോലികൾക്കായി അപേക്ഷ ക്ഷണിക്കുന്പോൾ ഈ പ്രോഗ്രാമിന് കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുന്നു.
മുകളിൽ സൂചിപ്പിച്ച ഈ പ്രോഗ്രാമിന് കേരളത്തിലെ ഏതൊക്കെ സർവകലാശാലയിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുക? കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലയിൽനിന്ന് ലഭിച്ച തുല്യതാ സർട്ടിഫിക്കറ്റ് പിഎസ്സി അംഗീകരിക്കില്ലേ? അതോ കേരള യൂണിവേഴ്സിറ്റിയിൽനിന്ന് തന്നെ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് നിർബന്ധമുണ്ടോ?
സബിത, ചെറുപുഴ.
രണ്ടു ചോദ്യങ്ങളാണ് താങ്കൾ ഉന്നയിച്ചിട്ടുള്ളത്. ഒന്ന് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നൽകിയിട്ടുള്ള എംഎ ഹിന്ദിക്ക് തുല്യമായ കോഴ്സ് കേരളത്തിൽ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടുണ്ടോ എന്നാണ്.
മഹാത്മഗാന്ധി സർവകലാശാല, കോട്ടയം: ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ നടത്തുന്ന ഹിന്ദി കോഴ്സ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ എംഎ ഹിന്ദിക്ക് തുല്യമായ പ്രോഗ്രാമായി അഗീകരിച്ച് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്.
എന്തുകൊണ്ടാണ് ആ വിധത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നത് എന്നുകൂടി സൂചിപ്പിക്കാം. ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ എന്നു പറയുന്നത് നമ്മുടെ രാജ്യത്തെ വളരെ വിശേഷപ്പെട്ട ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണെന്ന് ചോദ്യകർത്താവ് അറിയണം.
രാജ്യത്ത് വിവിധതരം സർവകലാശാലകളും ഉന്നത പഠന കേന്ദ്രങ്ങളുമുണ്ട്. ആ ഗണത്തിൽ പെടുന്ന ഉന്നത വിദ്യാഭ്യാസസ്ഥാപനത്തെ വിളിക്കുന്നത്, ഇൻ്സ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ് എന്നാണ്.
സാധാരണയിൽനിന്നു വ്യത്യസ്തമായി പഠനഗവേഷണ അന്തർ ദേശീയ നിലവാരം പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് ഓഫ് ഇന്ത്യ പാർലമെന്റിൽ പ്രത്യേക ബില്ല് കൊണ്ടുവന്ന അനുവദിച്ചു നൽകിയിട്ടുള്ള അംഗീകാരമാണ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ് എന്ന പദവി. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 99 ശതമാനവും ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ ഗവേഷണവും ഉപരിപഠനവും വാഗ്ദാനം ചെയ്യുന്നതാണ്.
മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള ശാസ്ത്രസാങ്കേതിക രംഗത്തെ ഗവേഷണങ്ങളൊന്നും നടത്തുന്ന സ്ഥാപനമല്ലെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി പ്രചരിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി തമിഴ്നാട്ടിൽ തുടക്കം കുറിച്ച സ്ഥാപനമാണ് ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ. ഇതിനാൽ ഈ സ്ഥാപനത്തെയും ഗവണ്മെന്റ് ഓഫ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ് എന്ന ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്.
പ്രോഗ്രാമിന്റെ തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി, മഹാത്മാഗാന്ധി സർവകലാശാലയുടെ വെബ്സൈറ്റിലെ ഓണ്ലൈൻ സർട്ടിഫിക്കറ്റ് എന്ന ലിങ്കിൽ കയറി എലിജിബിലിറ്റി ഈക്വലൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ വേണ്ടത്ര രേഖകളോടെ സമർപ്പിച്ചാൽ ഈ സർട്ടിഫിക്കറ്റിനുള്ള തുല്യതാ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ലഭിക്കുന്നതാണ്.
ചോദ്യകർത്താവ് ഉന്നയിച്ചിട്ടുള്ള മറ്റൊരു ചോദ്യം കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് പ്രോഗ്രാമിന് അംഗീകാരം ലഭിച്ചാൽ കേരളത്തിൽ സർക്കാർ ജോലി ലഭിക്കുന്നതിന് ആ സർട്ടിഫിക്കറ്റ് പിഎസ്സി അംഗീകരിക്കുമോ അതോ തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയിൽനിന്നു തന്നെ തുല്യതാ സർട്ടിഫിക്കറ്റ് ഉണ്ടോ എന്നാണ്.
ചോദ്യകർത്താവ് മനസിലാക്കുക കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാല വിദേശത്തുനിന്നു സ്വദേശത്തുനിന്നും പഠിച്ചു വന്നിട്ടുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന് തുല്യതാ സർട്ടിഫിക്കറ്റ് നൽകിയാൽ അത് കേരള പിഎസ് സി അംഗീകരിക്കും.
കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും മദർ സർവകലാശാല എന്ന് വിചാരിക്കുന്ന കേരള യൂണിവേഴ്സിറ്റി ഇക്കാര്യത്തിൽ പ്രത്യേകമായ പദവികളൊന്നും കേരള നിയമസഭയോ മറ്റ് അനുബന്ധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നൽകിയിട്ടില്ല. കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ഉള്ള വിധത്തിലുള്ള പദവി മാത്രമാണ് കേരള യൂണിവേഴ്സിറ്റിക്കുമുള്ളത്.
ചോദ്യകർത്താവിന്റെ ചോദ്യത്തിന് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ സഭയുടെ ഹിന്ദി എംഎ പ്രോഗ്രാമിന് മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തുനിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പിഎസ് സിയുടെ എല്ലാ വിജ്ഞാപനങ്ങളും ഹിന്ദി എംഎ ആവശ്യപ്പെടുന്ന യോഗ്യത ആണെങ്കിൽ ഈ തുല്യതാ സർട്ടിഫിക്കറ്റ് ആ യോഗ്യതയെ സാധൂകരിക്കാൻ ഉപയോഗിക്കാം.
അഡ്വ. ബാബു പള്ളിപ്പാട്ട്, കരിയർ ഗൈഡ് (
[email protected])