ഇടിഎഫ് നിക്ഷേപത്തിനു നികുതിയിളവ്
ബജറ്റിൽ മ്യൂച്വൽ ഫണ്ടിനെ ബാധിക്കുന്ന രണ്ടു നികുതി നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. രണ്ടും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് അനുകൂലമായതാണ്. സെൻട്രൽ പബ്ലിക് സെക്ടർ എന്‍റർ പ്രൈസസ്(സിപിഎസ്ഇ) എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിന്(ഇടിഎഫ്) ഇഎൽഎസ്എസിനുള്ളതുപോലെ 1.5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും എന്നതണൊന്ന്. മറ്റൊന്ന് ഹ്രസ്വകാല ഇക്വിറ്റി അധിഷ്ടിതമായിട്ടുള്ള ഫണ്ട്സ് ഓഫ് ഫണ്ടുകളുടെ മൂലധനാദായ നേട്ടത്തിനു നികുതിയിൽ ഇളവു നൽകിയെന്നതാണ് രണ്ടാമത്തേത്.

1. ഇടിഎഫിനുള്ള നേട്ടങ്ങൾ

ബജറ്റിൽ സിപിഎസ്ഇ ഇടിഎഫിന് ഇനി മുതൽ ആദായ നികുതി വകുപ്പ് 80 സി പ്രകാരം നികുതിയിളവ് ലഭിക്കുമെന്ന നിർദേശമാണ് നിക്ഷേപകരെ സംബന്ധിച്ച് അനുകൂലമായ കാര്യം. സിപിഎസ്ഇ ഇടിഎഫിലെ 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ്. ഇഎൽഎസ്എസിനു ലഭിക്കുന്ന രീതിയിലാണ് ഇടിഎഫിനും നികുതിയിളവ് അനുവദിച്ചിട്ടുള്ളത്.
ഇഎൽഎസ്എസ് ഇക്വിറ്റി ഓറിയന്‍റഡ് മ്യൂച്വൽ ഫണ്ടാണ്. മൂന്നു വർഷത്തെ ലോക്ക് ഇൻ പിരീഡുണ്ട്. ഇഎൽഎസ്എസിനും ആദായ നികുതി വകുപ്പ് 80 സി പ്രകാരമാണ് നികുതിയിളവ് ലഭിക്കുന്നത്.

വളരെ ആക്ടീവായി മാനേജ് ചെയ്യപ്പെടാത്ത ബിഎസ്ഇ, എൻഎസ്ഇ വഴി വിൽപ്പന നടത്തുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികൾ തന്നെയാണ് ഇടിഎഫും. ഡീമാറ്റ് അക്കൗണ്ട് വഴി നിക്ഷേപകർക്ക് വിപണി വിലയ്ക്കനുസരിച്ച് ഇടിഎഫ് വാങ്ങുകയോ വിൽക്കുകയോ ചെയ്യാം.

2014 ലാണ് സിപിഎസ്ഇ ഇടിഎഫ് ആരംഭിക്കുന്നത്. റിലയൻസ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്‍റ് കന്പനിയാണ് ഇത് മാനേജ് ചെയ്യുന്നത്. ഒഎൻജിസി, എൻടിപിസി,കോൾ ഇന്ത്യ,ഐഒസി, ആർഇസി, പിഎഫ്സി, ഭരത് ഇലക്ട്രോണിക്സ്, ഓയിൽ ഇന്ത്യ, എൻബിസിസി, എൻഎൽസി ഇന്ത്യ, എസ്ജെവിഎൻ എന്നീ പതിനൊന്ന് ബ്ലൂചിപ് കന്പനികളുടെ ഓഹരികളാണ് ഇതിലുള്ളത്.


2. ഫണ്ട് ഓഫ് ഫണ്ട്സിനുള്ള നികുതി നിർദേശങ്ങൾ

ഹ്രസ്വകാലത്തിലുള്ള ചിലയിനം ഇക്വിറ്റി ഓറിയന്‍റഡ് ഫണ്ട് ഓഫ് ഫണ്ട്സിന്‍റെ മൂലധനാദയ നേട്ടത്തിന് നികുതിയളവു നൽകിയിരിക്കുകയാണ് ബജറ്റ്. കേന്ദ്ര പൊതുമേഖല സംരംഭങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനായി രൂപീകരിച്ച ഫണ്ടുകളിൽ നിക്ഷേപം നടത്തുന്ന ഫണ്ട് ഓഫ് ഫണ്ട്സിനാണ് ഇളവു ലഭിക്കുക.

സാധാരണയായി ഫണ്ട് ഓഫ് ഫണ്ട്സിന്‍റെ മൂലധനാദായ വളർച്ചയ്ക്ക് (ഹ്രസ്വവും ദീർഘവും)ഈടാക്കുന്ന നികുതി, ഇക്വിറ്റിയിതര മ്യൂച്വൽ ഫണ്ടുകൾക്ക് ബാധകമാകുന്ന നികുതി നിരക്കുകളാണ്.

എന്നാൽ 2018 ലെ ബജറ്റിൽ ഇക്കാര്യത്തിൽ അൽപ്പം മാറ്റം വരുത്തി. നിക്ഷേപത്തിന്‍റെ 90 ശതമാനത്തിലധികം ഇക്വിറ്റി ഇടിഎഫുകളിലും ഇക്വിറ്റിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്ന ഫണ്ട്് ഓഫ് ഫണ്ട്സുകൾക്ക് ദീർഘകാല മൂലധനാദായ നികുതി സാധാരണ ഇക്വിറ്റി ഫണ്ടുകളുടേതുപോലെയാക്കി.

അത് തുടരുന്നതിനോടൊപ്പം തന്നെ 2019 ൽ ഹ്രസ്വകാല മൂലധനാദായ നേട്ടത്തിനും ഈ നികുതിയളവു ബാധകമാക്കിയിരിക്കുകയാണ്. പക്ഷേ ഫണ്ട് ഓഫ് ഫണ്ട്സിന്‍റെ നിക്ഷേപം സിപിഎസ്ഇ ഇടിഎഫുകളിലായിരിക്കണം.

ഇത്തരത്തിലുള്ള രണ്ട് ഫണ്ടുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഐസിഐസിഐ പ്രുഡൻഷ്യൽ ഭാരത് 22 ഫണ്ട്ഓഫ് ഫണ്ടസ്, റിലയൻസ് ജൂനിയർ ബിഇഎസ് ഫണ്ട് ഓഫ് ഫണ്ട്സ എന്നിവയാണവ. 2018 ജൂണിലാണ് ഐസിഐസിഐ പ്രുഡൻ്ഷ്യൽ ഭാരത് 22 ഫണ്ട് ഓഫ് ഫണ്ടസ ആരംഭിക്കുന്നത്. റിലയൻസ് ജൂനിയർ ബിഇഎസ് ഫണ്ട്സ് ഓഫ് ഫണ്ട്സ 2019 ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്.