നിയമങ്ങളിലും ചട്ടങ്ങളിലും ഇളവ്
കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം വളർത്തിയെടുക്കാൻ സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന പുതിയ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് കഴിഞ്ഞ ലക്കത്തിലുണ്ടായിരുന്നത്. ഈ ലക്കത്തിൽ കെട്ടിട നിർമാണം സംബന്ധിച്ച പരിഷ്കാരങ്ങൾ, വ്യവസായ സൗഹൃദ സംസ്ഥാനമാകുന്നതിനായി പുറത്തിറക്കിയിട്ടുള്ള വിവിധ ഉത്തരവുകൾ എന്നിവയെക്കുറിച്ചെല്ലാമാണ് വിശദീകരിക്കുന്നത്.

കെട്ടിട നിർമാണ ചട്ടങ്ങളിൽ വന്ന ഭേദഗതികൾ

സംസ്ഥാനത്ത് സ്ഥലത്തിന്‍റെ ഉപയോഗവും കെട്ടിടത്തിന്‍റെ നിർമാണവും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കാണ്. ഗ്രാമപ്രദേശങ്ങളിൽ കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ വഴിയാണ് ഈ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്നത്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്കാരങ്ങളുടെ ഭാഗമായി കെട്ടിട നിർമാണ ചട്ടങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട. കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമാണ (ഭേദഗതി) ചട്ടങ്ങൾ 2017 ,കേരള പഞ്ചായത്ത് കെട്ടിട നിർമാണ ( ഭേദഗതി) ചട്ടങ്ങൾ-2017 എന്നിവയിലെ പ്രധാന മാറ്റങ്ങൾ ചുവടെ ചേർക്കുന്നു.

1. ജില്ലാതല ടൗണ്‍പ്ലാനറുടെ അനുമതി ലഭിച്ചാൽ സെക്രട്ടറിക്ക് കെട്ടിട നിർമാണത്തിന് അനുമതി നൽകാം. ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതി ആവശ്യമില്ല.
2. അപേക്ഷ ലഭിക്കുന്ന ദിവസം തന്നെ കൈപ്പറ്റിയ രസീത് നൽകണം. അപേക്ഷയോടൊപ്പം എന്തെങ്കിലും രേഖകളോ അനുമതി പത്രങ്ങളോ ചേർക്കേണ്ടതുണ്ടെങ്കിൽ അത് അന്നേ ദിവസം തന്നെ അറിയിക്കണം.
3. അനുമതി നൽകുന്നതിനുള്ള സമയപരിധി 15 ദിവസമാക്കി കുറച്ചു
4. കവറേജ് ഏരിയയും ഫ്ളോർ ഏരിയ റേഷ്യോയും വർധിപ്പിച്ചു
5. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് നഗര,ഗ്രാമ പ്രദേശങ്ങളിലും ചെറുകിട വ്യവസായത്തിനുള്ള കെട്ടിടങ്ങൾക്ക് (എ1 ആൻഡ് എ2)നഗരപ്രദേശങ്ങളിലും താഴെ പറയുന്ന രീതിയിൽ മാത്രം അഗ്നിശമന സേനാ വിഭാഗത്തിന്‍റെ അനുമതി ആവശ്യമുള്ളു.
* വിസ്തീർണ്ണം 300 ചതുരശ്ര മീറ്ററിൽ താഴെ; ഉയരം 15 മീറ്ററിൽ താഴെ: അനുമതി ആവശ്യമില്ല
* വിസ്തീർണ്ണം 300 ചതുരശ്ര മീറ്റർ മുതൽ 1000 ചതുരശ്ര മീറ്റർവരെ; ഉയരം 15 മീറ്ററിൽ താഴെ: സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.
* വിസ്തീർണ്ണം 1000 ചതുരശ്ര മീറ്ററിൽ അധികം;ഉയരം 15 മീറ്ററിൽ കൂടുതൽ-അഗ്നിശമന സേനാ വിഭാഗത്തി ന്‍റെ അനുമതി ആവശ്യമാണ്.
6. ദ്രവ്യമാലിന്യ നിർമ്മാർജന പ്ലാന്‍റ് ഉണ്ടായിരിക്കണം
7. മലിന ജലം പുനരുപയോഗിക്കുന്നതിന് സംവിധാനമുണ്ടായിരിക്കണം
8. ജില്ല ടൗണ്‍ പ്ലാനർക്ക് കൈമാറിയ/നൽകിയ അപേക്ഷയിൽ 15 ദിവസത്തിനുള്ളിൽ തീരുമാനം ഒന്നും അറിയിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കരുതി സെക്രട്ടറിക്ക് അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കാം.

വിവിധ ഉത്തരവുകൾ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് "കേരള ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ ആൻഡ് ഫസിലിറ്റേഷൻ ഓർഡിനൻസ,് 2017' നിലവിൽ വന്നത്.

സംസ്ഥാനത്തിന്‍റെ വ്യവസായ മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന ഈ ഓർഡിനൻസ് 2018 ഏപ്രിൽ നാലിന് കേരള ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ ആൻഡ് ഫസിലിറ്റേഷൻ ആക്ട് 2018 എന്ന പേരിൽ കേരള നിയമസഭ പാസാക്കി. ഇതോടെ ഇതു നിയമമായി മാറുകയും ചെയ്തു.

നിലവിലുള്ള ഏഴു നിയമങ്ങളും പത്തോളം ചട്ടങ്ങളും ഭേദഗതി ചെയ്യുകയും ഏകജാലക സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും അടങ്ങിയ ഈ നിയമം സംസ്ഥാനത്തെ വ്യവസായിക അന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സഹായകരമാകും. ഇതിനനുബന്ധമായി വ്യവസായവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്ന മറ്റു വകുപ്പുകളും അവരുടെ നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഉത്തരവുകളും സർക്കുലറുകളും ഇറക്കിയിട്ടുണ്ട്.

അവ ഒന്നു പരിശോധിക്കാം.

1. തദ്ദേശ സ്വയംഭരണ വകുപ്പ് എ. കെട്ടിട നിർമാണപെർമിറ്റ്
കെട്ടിട നിർമാണ അനുമതിക്കും ഉടമസ്ഥാവകാശത്തിനുമുള്ള ഓണ്‍ലൈൻ അപേക്ഷകളുടെ പരിശോധന റിപ്പോർട്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അപേക്ഷ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ഓണ്‍ലൈനായി സമർപ്പിച്ചിരിക്കണം.
ബി. സർക്കാരിതര എഞ്ചിനീയർമാരുടെ പ്ലാനുകൾക്കും അംഗീകാരം
കെട്ടിട നിർമാണ പെർമിറ്റിനുള്ള പ്ലാനുകൾ മറ്റ് അംഗീകൃത സർക്കാരേതര എഞ്ചിനീയർമാർ സാക്ഷ്യപ്പെടുത്തിയാലും നഗര, വ്യവസായിക മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാവുന്നതാണ്.

സി. സംയുക്ത പരിശോധന
കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷയിൽ തുടർനടപടികൾക്കായി നഗര,വ്യാവസായിക മേഖലകളിൽ ബന്ധപ്പെട്ട വകുപ്പുകൾ ( അഗ്നിശമനം, കെഎസ്ഇബി, മലിനീകരണ നിയന്ത്രണബോർഡ്, തൊഴിൽ വകുപ്പ്, ജല അഥോറിറ്റി) സംയുക്തമായി ഒറ്റത്തവണ സ്ഥല പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്. അപേക്ഷകൻ ഇതിനായി ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.

ഡി. വ്യാപാര അനുമതിക്ക് (ഡി ആൻഡ് ഒ ലൈസൻസ്) ആവശ്യമായ രേഖകൾ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തങ്ങളുടെ അധികാരപരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കു ഉടമസ്ഥന്‍റെ തിരിച്ചറിയൽ രേഖയുടെയും കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കിറ്റിന്‍റെയോ പാട്ട/വാടക്കരാറിന്‍റെയും രേഖകൾ മാത്രം സ്വീകരിച്ച് വ്യാപാരനുമതി നൽകാവുന്നതാണ്.


2. സംസ്ഥാന വൈദ്യുതി ബോർഡ്
പുതിയ സർവീസ് കണക്ഷൻ എടുക്കുന്നതിനു അപേക്ഷയോടൊപ്പം അപേക്ഷകന്‍റെ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും കെട്ടിടത്തിന്‍റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും മാത്രം ഹാജരാക്കിയാൽ മതിയാകും.

ബി. സർവീസ് കണക്ഷൻ എടുക്കുന്നതിനുള്ള ഓണ്‍ലൈൻ പോർട്ടൽ

ഇരുപതു കിലോ വാട്ട് വരെ കണക്ടഡ് ലോഡുള്ള എൽടി ഗാർഹിക ഉപഭോക്താക്കൾക്കും 10 കിലോവാട്ട് വരെ ലോഡുള്ള മറ്റ് എൽടി ഉപഭോക്താക്കൾക്കും നിലവിൽ ഓണ്‍ലൈൻ പോർട്ടൽ വഴി അപേക്ഷ ഫീസ് ഒടുക്കി പുതിയ സർവീസ് കണക്ഷനുള്ള അപേക്ഷ നൽകാവുന്നതാണ്. എന്നാൽ 10 കിലോ വാട്ടിനു മുകളിൽ കണക്ടഡ് ലോഡുള്ള മറ്റ് എൽടി ഉപഭോക്താക്കൾക്ക് ഓണ്‍ലൈൻ പോർട്ടൽ വഴി നിലവിൽ അപേക്ഷ ഫീസ് മാത്രമേ ഒടുക്കാനാവുകയുള്ളു. മറ്റു ഫീസുകൾ നേരിട്ടടയ്ക്കേക്കതാണ്.

സി. പുതിയ സർവീസ് കണക്ഷൻ എടുക്കുന്നതിനുള്ള സമയപരിധി
കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ പുതിയ കണക്ഷൻ എടുക്കുന്നതിന് അപേക്ഷ സമർപ്പിച്ചാൽ ലഭ്യമാക്കേണ്ട സമയപരിധി താഴെപ്പറയും പ്രകാരമാണ്.

എൽടി/ ലൈൻ പോസ്റ്റ് അപേക്ഷയുടെ
എച്ച്ടി കൂട്ടണമോ വേണമോ കാലാവധി
എൽടി വേണ്ട വേണ്ട രണ്ട ദിവസം
എൽടി വേണ്ട വേണം ഏഴ് ദിവസം
എൽടി വേണം 15 ദിവസം
എച്ച്ടി വേണ്ട 30 ദിവസം

3. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

എ . ്രഗ്രീൻ കാറ്റഗറി സംരംഭങ്ങൾക്ക് സ്വയം സാക്ഷ്യപത്രത്തിന്മേൽ പ്രവർത്തനാനുമതി
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഗ്രീൻ കാറ്റഗറിയിൽ വരുന്ന ചെറുകിട,ഇടത്തരം സംരംഭങ്ങൾക്കും സ്വയംസംരംഭങ്ങക്കും സ്വയം സാക്ഷ്യപത്രം നൽകിക്കൊണ്ട് പിസിബിയുടെ പ്രവർത്തനാനുമതി നേടാവുന്നതാണ്.ഇതിനായി സ്ഥാപനമുടമ പിസബിയുടെ സ്ഥാപനാനുമതി എടുത്തിരിക്കേണ്ടതും ലഭിക്കുന്പോൾ അംഗീകരിച്ച വ്യവസ്ഥകൾ പാലിച്ചുകൊള്ളാമെന്നു സ്വയം സാക്ഷ്യപത്രം നൽകേണ്ടതാണ്. ആയതിന്‍റെ അടിസ്ഥാനത്തിൽ സ്ഥല പരിശോധന നടത്താതെ തന്നെ പ്രവർത്തനാനുമതി ലഭിക്കുന്നതാണ്. വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം പ്രവർത്തനാനുമതി റദ്ദ് ചെയ്യാൻ ബോർഡിന് അധികാരമുണ്ട്.

ബി. പ്രവർത്തനാനുമതി 15 വർഷം വരെ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിലവിൽ നൽകി വരുന്ന സ്ഥാപനാനുമതിയുടെയും ,പ്ര്രവർത്തനാനുമതിയുടെയും കാലാവധി റെഡ് ,ഓറഞ്ച്, ഗ്രീൻ വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാ സംരംഭങ്ങൾക്കും മൂന്ന്, ആറ്, ഒന്പത് വർഷം എന്നത് യഥാക്രമം അഞ്ച്, 10,15 വർഷങ്ങളായി കാലാവധി വർധിപ്പിച്ചു. സ്ഥാപന ഉടമകളുടെ സൗകര്യാർത്ഥം ഒന്ന്, രണ്ട്, മൂന്ന് ടേമുകളായി അനുമതി പത്രം നൽകുന്നതാണ്. 2017 നവംബർ ഒന്നുമുതൽ ഇതു പ്രാബല്യത്തിലായി.

സി. വൈറ്റ് വിഭാഗത്തിൽ ഒറ്റതവണ രജിസ്ട്രേഷൻ
വ്യവസായ സ്ഥാപനങ്ങളെ മലിനീകരണ സാധ്യതയുടെ അടിസ്ഥാനത്തിൽ റെഡ്,ഓറഞ്ച്, ഗ്രീൻ, വൈറ്റ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇതിൽ വൈറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നവയെ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതിനാൽ പ്രവർത്തനാനുമതിക്കു പകരം 01/10/2016 മുതൽ 500 രൂപ ഫീസ് ഒടുക്കി ഒണ്‍ലൈനായി ഒറ്റതവണ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഈ രജിസ്ട്രേഷന് 15 വർഷം കാലാവധിയുണ്ടാകും. എന്നാൽ അനുവദിച്ച സ്ഥലത്തു നിന്നും സ്ഥാപനം മാറ്റി പ്രവർത്തപ്പിക്കേണ്ടതായി വന്നാൽ പുതിയ രജിസ്ട്രേഷൻ എടുക്കണം.

4. തൊഴിലും നൈപുണ്യവും വകുപ്പ്
കേരളത്തിലെ ചുമട്ടുതൊഴിൽ മേഖലയിൽ അമിത കൂലി ആവശ്യപ്പെടുക, ചെയ്യാത്ത് ജോലിക്ക് കൂലി ആവശ്യപ്പെടുക തുടങ്ങി, സംരംഭങ്ങളുടെ വളർച്ചക്ക് വിഘാതമാകുന്ന അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കുന്നതിനും സൗഹൃദ തൊഴിൽ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും സഹായകമാകുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കുകയുണ്ടായി. ഇതിൽ സംരംഭകരും ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ടചില നിർദേശങ്ങൾ ചുവടെ:

* കയറ്റിറക്ക് കൂലി ജില്ല ലേബർ ഓഫീസറുടെ ഉത്തരവു പ്രകാരമുള്ള ഏകീകൃത കൂലി പട്ടിക അടിസ്ഥാനമാക്കി നൽകേണ്ടതാണ്.
* ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും അധിക കൂലി കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കുന്നതും ചുമട്ടുതൊഴിലാളി നിയമപ്രകാരം പരിഗണിച്ച് റവന്യു റിക്കവറി വഴിയോ അല്ലാതെയോ പണം തിരികെ വാങ്ങിക്കൊടുക്കുവാൻ അസിസ്റ്റന്‍റ് /ജില്ല ലേബർ ഓഫീസ് മുഖേന നടപടി സ്വീകരിക്കേണ്ടതുമാണ്.
* കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സംഗതികളിൽ ജില്ല ലേബർ ഓഫീസർമാർ ചുമട്ടുതൊഴിലാളി നിയമപ്രകാരം തീരുമാനമെടുത്തു കക്ഷികളെ അറിയിക്കേണ്ടതും ആവശ്യമുള്ള പക്ഷം പോലീസിന് വിവരം നൽകേണ്ടതുമാണ്.

ജി. രാജീവ്
ജോയിന്‍റ് ഡയറക്ടർ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്
ജില്ല വ്യവസായ കേന്ദ്രം, കോട്ടയം, ഫോണ്‍:0481 2570042,9446222830