മോട്ടോർ ഇൻഷ്വറൻസ് ക്ലെയിം ചെയ്യാം വേഗത്തിൽ
മൊബൈൽ ആപ്ലിക്കേഷനുകൾ എന്തിനും ഏതിനും ലഭിക്കുന്ന കാലമാണിത്. ഏതൊരു സേവനത്തിനും നിമിഷങ്ങൾക്കുള്ളിൽ പരിഹാരം കാണാനും ഇത് സഹായിക്കുന്നുമുണ്ട്. ഇൻഷ്വറൻസ് ക്ലെയിമുകൾ വേഗം ലഭിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇപ്പോൾ മോട്ടോർ ഇൻഷ്വറൻസ് പോളിസികളുടെ ക്ലെയിം വേഗം പൂർത്തിയാക്കാനും മൊബൈൽ ആപ്ലിക്കേഷൻ സൗകര്യം ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട് കന്പനികൾ. അത് എങ്ങനെയെന്നു പരിചയപ്പെടാം.

ആപ്പിലായി ഇൻഷ്വറൻസ്

പോളിസികൾ വാങ്ങൽ, പ്രീമിയം പുതുക്കൽ, ക്ലെയിം സെറ്റിൽമെന്‍റ് എന്നിവയ്ക്കെല്ലാം ഓണ്‍ലൈൻ അല്ലെങ്കിൽ ഡിജിറ്റൽ സംവിധാനങ്ങൾ നിലവിലുണ്ട്. അതിനൊപ്പം ക്ലെയിം സെറ്റിൽമെന്‍റിനുകൂടി അവസരം ലഭിക്കുന്പോൾ ഇൻഷ്വറൻസ് മേഖല കൂടുതൽ സ്മാർട്ടാവുകയാണ്.

ഏതൊരു മോട്ടോർ ഇൻഷുറൻസും ക്ലെയിം ചെയ്യുന്നതിന് മൂന്നു ഘടകങ്ങളുണ്ട്. ക്ലെയിം ഇന്‍റിമേഷൻ, സർവേയർ അസെസ്മെന്‍റ്, ക്ലെയിം സെറ്റിൽമെന്‍റ്. ഇതെല്ലാം പോളിസി കവറേജിനെ അടിസ്ഥാനമാക്കിയുള്ളതുമാണ്്. ഇക്കാര്യങ്ങളൊക്കെ ആപ്ലിക്കേഷൻ വഴി ചെയ്യാനുള്ള സൗകര്യമാണ് ലഭിക്കുന്നത്.

എങ്ങനെ ക്ലെയിം ചെയ്യാം

വാഹനം ഒരു അപകടത്തിൽപ്പെട്ടാൽ ആ വിവരം ഇൻഷ്വറൻസ് കന്പനിയെ എത്രയും വേഗം അറിയിക്കുകയാണ് ചെയ്യേണ്ടത്. ഇപ്പോൾ ഇൻഷ്വറൻസ് കന്പനികളെ ഈ വിവരം ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വഴി അറിയിക്കാം. അതോടൊപ്പം ക്ലെയിം സ്റ്റാറ്റസ്, ക്ലെയിം ഹിസ്റ്ററി എന്നതൊക്കെയും പരിശോധിക്കാനും അവസരമുണ്ട്.

കാഷ് ലെസ് സർവീസിനായി അടുത്തുള്ള ഗാരേജ് കണ്ടു പിടക്കാനും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം.

മൊബൈൽ ആപ്ലിക്കേഷൻ വഴി ക്ലെയിം ചെയ്യുന്പോൾ ഇരുകൂട്ടർക്കും സമയം ലാഭിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. പോളിസി ഉടമകൾ പറ്റിയ കേടുപാടുകൾ സമർപ്പിച്ചാൽ മതി. അതിനുശേഷം ക്ലെയിം മൊബൈൽ ആപ്ലിക്കേഷൻ വഴി തന്നെ ഫയൽ ചെയ്യാം.


ബജാജ് അലിയൻസ് വാലറ്റ് ആപ്പ്, ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് ഇൻഷ്വർ ആപ്പ് എന്നിവയിൽ പോളിസി ഉടമകൾക്ക് അപകടം നടന്ന് ഉടനെ തന്നെ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്യാം.

ഐസിഐസിഐ ലൊംബാർഡിലെ ഇൻസ്റ്റാസ്പെക്ട് എന്ന ഫീച്ചർ വഴി പോളസി ഉടമയക്ക് വീഡിയോ കോൾ വഴി കേടുപാടുകൾ കന്പനി ഉദ്യോഗസ്ഥരെ കാണിക്കാനും അവസരമുണ്ട്.

എന്തൊക്കെ നൽകണം

പോളിസി വിവരങ്ങൾ നിലവിൽ ആപ്പിലുള്ളതിനാൽ പോളിസി നന്പർ, ഡോക്യുമെന്‍റ്, വെഹിക്കിൾ നന്പർ, വെഹിക്കിൾ മോഡൽ എന്നി വിവരങ്ങളൊന്നും നൽകേണ്ടതില്ല. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, നികുതിയടച്ചതിന്‍റെ രേഖ, റിപ്പയർ ചെയ്തതിന്‍റെ ബില്ല്, പേമെന്‍റ് റെസീപ്റ്റ്, എങ്ങനെ കേടുപാട് പറ്റി എന്നതിനെക്കുറിച്ചുള്ള ചെറിയ വിശദീകരണം എന്നിവ മാത്രം അപ് ലോഡ് ചെയ്താൽ മതി.

പോളിസി ഉടമ അപ് ലോഡ് ചെയ്ത ഫോട്ടോ ഉദ്യോഗസ്ഥർ പരിശോധിക്കും. അതിനുശേഷം ക്ലെയിം തുക അക്കൗണ്ടിലേക്ക് വരും. ഉപഭോക്താവ് തന്നെയാണോ ക്ലെയിം ഇടപാടുകൾ നടത്തുന്നതെന്ന് ഉറപ്പാക്കാൻ ഒടിപി സംവിധാനവുമുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ വഴി 24 മണിക്കൂറിനുള്ളിൽ ക്ലെയിം സെറ്റിൽമെന്‍റ് സാധ്യമാകും.

കൂടിയ തുകയ്ക്ക് പ്രശ്നമാണ്

ഇത് ക്ലെയിം സെറ്റിൽമെന്‍റ് എളുപ്പമാക്കുമെങ്കിലും കുറഞ്ഞ തുകയ്ക്കുള്ള സെറ്റിൽമെന്‍റുകളെ ഇത് വഴി സാധിക്കുകയുള്ളു. സാധാരണയായി 30,000 രൂപ വരെയുള്ള ക്ലെയിമുകളെ അത് വഴി സാധ്യമാകു. അതിൽ കൂടുതൽ തുകയുടെ ക്ലെയിമാണെങ്കിൽ ഉദ്യോഗസ്ഥർ വാഹനം കണ്ടു ബോധ്യപ്പെടണം.അതിനുശേഷമേ ക്ലെയിം തുക ലഭിക്കു. ഇത് കാലതാമസത്തിന് കാരണമാകും.