കാറ്റിനരികെ ആനി
കാറ്റിനരികെ ആനി
ഫാ. റോയി കാരയ്ക്കാട്ട് സംവിധാനം ചെയ്ത കാറ്റിനരികെ ജനശ്രദ്ധ നേടുമ്പോള്‍ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനി ഏബ്രാഹമിനെത്തേടി അഭിനന്ദനങ്ങള്‍ എത്തുകയാണ്.

ഒരു മുഴുനീള സിനിമയില്‍ നായികയായി തിളങ്ങിയതിന്റെ സന്തോഷത്തിലാണ് സിനി ഏബ്രാഹം. മോഡല്‍, ടിവി അവതാരക എന്നീ നിലകളില്‍ നിന്ന് ഒരു ഗ്രാമീണ യുവതിയിലേക്കുള്ള പറിച്ചുനടല്‍ വിജയമായതിന്റെ തിളക്കത്തിലാണ് സിനി. കത്തോലിക്കസഭയിലെ വൈദികനായ ഫാ. റോയി കാരയ്ക്കാ് സംവിധാനം ചെയ്ത കാറ്റിനരികെ ജനശ്രദ്ധ നേടുമ്പോള്‍ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനി ഏബ്രാഹമിനെത്തേടി അഭിനന്ദനങ്ങള്‍ എത്തുകയാണ്. ചിത്രത്തിലെ നായകനായ അശോകനോടൊപ്പം നിറഞ്ഞുനിന്നുവെന്നതാണ് സിനിയുടെ വിജയം. ഹൃദയസ്പര്‍ശിയായ കുടുംബ ചിത്രത്തിന്റെ മൂല്യവും തീവ്രതയും ഒട്ടും കുറയാതെ ആനി എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ഈ പയ്യന്നൂര്‍കാരിക്കു സാധിച്ചു. ലൂസിഫര്‍, ആമി, ആടുപുലിയാം, മത്തായി കുഴപ്പക്കാരനല്ല, അച്ചായന്‍, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലെ ബാലതാരമായ ആഞ്ജലീനയുടെ അമ്മ കൂടിയാണ് സിനി ഏബ്രാഹം.

കാറ്റിനരികെ

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രം. ഒരു കുടുംബം നേരിടുന്ന പ്രതിസന്ധിയാണ് കഥ. വെറും നാട്ടിന്‍പുറത്തുകാരി യുവതി. മോഡേണ്‍ വേഷത്തില്‍ മാത്രം കണ്ട എന്നെ ഒരു ഗ്രാമീണ വീ ട്ടമ്മയായി കണ്ടപ്പോള്‍ ആരും വിശ്വസിച്ചില്ല. അത്രമാത്രം മാറ്റമാണ് ഈ സിനിമയില്‍ എനിക്ക് ഉണ്ടായിരിക്കുന്നത്. മദ്യവും മയക്കുമരുന്നും കുടുംബത്തെ ബാധിക്കുന്നതും അതിലൂടെ കുടുംബം പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നതുമാണ് കഥ. എങ്ങനെ ഇത്തരമൊരു വേഷം ചെയ്യുമെന്ന് എനിക്കും സംശയമായിരുന്നു. യൂണിറ്റിലെ എല്ലാവരുടെയും പ്രോത്സാഹനം ലഭിച്ചു. അശോകനെപോലുള്ള സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ അഭിനന്ദനം ഏറെ പ്രയോജനം ചെയ്തു.

സിനിമയിലേക്ക്

ഞാന്‍ മോഡലിംഗ് രംഗത്തുണ്ടായിരുന്നുവെങ്കിലും സിനിമയിലേക്കു പ്രവേശിച്ചതു മകള്‍ മൂലമാണ്. മത്തായി കുഴപ്പക്കാരനല്ല എന്ന സിനിമയുടെ ലൊക്കേഷനില്‍ മകള്‍ക്കു കൂട്ടായി പോയതാണ്. മോഡിലിംഗ് രംഗത്തുള്ളകൊണ്ട് അഭിനയിച്ചു കൂടെ എന്നു സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ചോദിച്ചു. ഞാന്‍ എതിരുപറഞ്ഞില്ല. മകള്‍ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് സിനിമയിലേക്കു പ്രവേശിക്കുന്നത്. ഈ ചിത്രത്തില്‍ ലക്ഷ്മിഗോപാലസ്വാമിയുടെ കൂട്ടുകാരിയായിരുന്നു. തുടര്‍ന്നു കലി, പ്രേതം, ലീല, ഹണി ബി ടു, പഞ്ചവര്‍ണ തത്ത, ഹൗസ് ഫുള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

2007ല്‍ മനോഹര്‍ ജ്വല്ലറി പരസ്യത്തിലൂടെ മോഡലിംഗ് രംഗത്തേക്കു വന്നു. മുംബൈയിലെ ഗുഡ്‌വിന്‍ ജ്വല്ലറിയുടെ പരസ്യം ക്ലിക്കായി. അമൃത ടിവിയില്‍ കുക്കറിഷോയിലൂടെ അവസരങ്ങള്‍ കൂടുതല്‍ ലഭിച്ചു. ധാത്രി, കല്യാണ്‍, ഈസ്റ്റേണ്‍, അന്ന അലൂമിനിയം, കൊക്കോകോള തുടങ്ങിയ പരസ്യങ്ങളിലും അഭിനയിച്ചു.


നായികയായി ആദ്യം

ഒേട്ടറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിുട്ടണ്ടെങ്കിലും ഒരു നായികയായി എത്തുന്ന ആദ്യ സിനിമയാണ്. അശോകേട്ടന്റെ ജോണി എന്ന കഥാപാത്രത്തിന്റെ ഭാര്യ ആനിയായി നില്‍ക്കുമ്പോള്‍ ആദ്യമൊക്കെ ഒരു വിഷമമുണ്ടായിരുന്നു. ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റിനൊപ്പം നില്‍ക്കാന്‍ സാധിക്കുമോ എന്ന സംശയം. എന്നാല്‍ ഓരോ ദിവസവും അവരുടെ പിന്തുണ ലഭിച്ചപ്പോള്‍, ചെറിയ കാര്യങ്ങളില്‍പോലും നല്കുന്ന പ്രോത്സാഹനം അതു വലിയൊരു മുതല്‍കൂട്ടായി. അതുകൊണ്ടു മാത്രമാണ് ആനി എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചത്. ആനി മോഡേണ്‍ അല്ല. വെറും നാട്ടിന്‍പുറത്തുകാരി വീട്ടമ്മ മലയോരത്ത് താമസിക്കുന്നു. പട്ടയമില്ലാത്ത വീട്ടില്‍ ജീവിക്കുന്നു. എന്നാലും സ്‌നേഹമുള്ള, കരുണയുള്ള ഒരു വീട്ടമ്മ. പ്രായമായവരെയും അയല്‍ക്കാരെയും സഹായിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന, ഭര്‍ത്താവിന്റെ പ്രതിസന്ധിയില്‍ തളര്‍ന്നു പോകാതെ മക്കളെ മാറോടുചേര്‍ത്തുനിര്‍ത്തുന്ന വീ.ട്ടമ്മ.

എന്താണ് കാറ്റിനരികെ പറയുന്നത് ?

ജീവിതത്തില്‍ നന്മയുണ്ടെങ്കില്‍ ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കഴിയുമെന്ന പാഠമാണ് കാറ്റിനരികെ. സമൂഹത്തിലെ തിന്മകളിലേക്കു വീഴാതെ പ്രാര്‍ഥിക്കുന്ന കുടുംബമാകുക എന്ന സന്ദേശമാണ് ഈ കൊച്ചുചിത്രം നല്കുന്നത്. വാഗമണിന്റെ സൗന്ദര്യം മുഴുവന്‍ ചിത്രത്തിലുണ്ട്. കപ്പൂച്ചിയന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഫാ.റോയ് കാരയ്ക്കാാണ് നിര്‍വഹിച്ചിരിക്കുന്നത്.

പുതിയ ഓഫറുകള്‍

പുതിയ ഓഫറുകള്‍ ഉണ്ട്. നാലു സിനിമകള്‍ ഇറങ്ങാനുണ്ട്. അതിന്റെ പ്രതികരണം അറിഞ്ഞശേഷമേ കൂടുതല്‍ ഓഫറുകള്‍ സ്വീകരിക്കുന്നുള്ളൂ. ലാല്‍ബാഗ്, മെമ്പര്‍ രമേശ്, ഫാസിന, മുന്ന തുടങ്ങിയ സിനിമകളാണ് എത്താനുള്ളത്. ഇതിലെല്ലാം ചെറുതും വലുതുമായ കഥാപാത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ആഗ്രഹം

സിനിമയും മോഡലിംഗും ഒരുപോലെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. എപ്പോഴും പ്രധാന നടിയായിരിക്കണമെന്ന വാശിയൊന്നുമില്ല. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കണമെന്നു മാത്രം. ഏതായാലും ഈ രംഗത്തു ഉറച്ചുനില്‍ക്കാനാണ് താല്‍പര്യം. കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ടു സിനിമയിലും മോഡലിംഗ് രംഗത്തും കാണും.

കുടുംബം

എന്റെ വീട് കണ്ണൂര്‍ പയ്യന്നൂരിലാണ്. ഭര്‍ത്താവിന്റെ വീട് കോട്ടയത്തും. ഭര്‍ത്താവ് ഏബ്രാഹം ജോസ് മര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനാണ്. ഡല്‍ഹിയിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നതു പയ്യന്നൂരിലാണ്. അന്‍േറാണിയോ, ആഞ്ജലോ, ആഞ്ജലീന എന്നിവരാണ് മക്കള്‍.

ജോണ്‍സണ്‍ വേങ്ങത്തടം