കരോറ്റിഡ്, ആമാശയ ധമനികളിലെ രോഗങ്ങൾ
ഡോ. ഉണ്ണികൃഷ്ണൻ
Tuesday, April 4, 2023 3:23 PM IST
കരോറ്റിഡ് ധമനികളിലെ രോഗങ്ങള്‍/സ്ട്രോക്ക് (Carotid Artery Diseases/ Stroke)
തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലുള്ള ധമനികളില്‍ രക്തം പെട്ടെന്ന് നിലയ്ക്കുകയോ, തലച്ചോറിനുള്ളിലെ രക്തസ്രാവം മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക്. സംസാര ശേഷിയെ ബാധിച്ചോ അല്ലാതെയോ, ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോകുന്ന അവസ്ഥയാണിത്.
കൊഴുപ്പ് അടിഞ്ഞുകൂടുന്പോൾ
പല കാരണങ്ങള്‍ മൂലവും ഈ ഒരവസ്ഥ ഉണ്ടാകാം. എന്നിരുന്നാലും മസ്തിഷ്ക ധമനികളില്‍ കൊളസ്ട്രോള്‍/കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പ്രധാന കാരണം. ഈ സാഹചര്യത്തില്‍, രോഗിയെ ഡ്യൂപ്ലെക്സ് സ്കാന്‍ ഉപയോഗിച്ച് വിലയിരുത്തുകയും അതിനുശേഷം സിടി ആന്‍ജിയോഗ്രാം ഉപയോഗിച്ച് ഇതിനു കാരണമായ രക്തസ്രാവം ഏതു ഭാഗത്താണെന്ന് മനസിലാക്കുകയും ചെയ്യാം.
രോഗലക്ഷണം പ്രകടമായാൽ ഉടൻതന്നെ ചികിത്സ തേടേണ്ടതാണ്. ധമനികളില്‍ ഉണ്ടാകുന്ന തടസം നീക്കം ചെയ്യുകയോ (Carotid Endarterectomy) അല്ലെങ്കില്‍ കരോട്ടിഡ് ആര്‍ട്ടറി സ്റ്റെന്റിംഗ് ചെയ്തോ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
ആമാശയ ധമനികളിലെ വീക്കം (Abdominal Aortic Aneurysm)
ആമാശയത്തിലെ മഹാധമനി 2 സെന്റിമീറ്ററോ അതില്‍ കുറവോ വ്യാസമുള്ളതാണെങ്കില്‍, 60 വയസിന് മുകളിലുള്ളവര്‍ക്ക് അവയില്‍ വീക്കം സംഭവിക്കാം, ഈ അവസ്ഥയാണ് അനൂറിസം (Aneurysm).
കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ കാലക്രമേണ, വീക്കം കൂടുകയും അത് പൊട്ടിപ്പോകുകയും ചെയ്യാൻ സാധ്യതയുണ്ട്.
വീക്കത്തിന്റെ അളവ് പരമാവധി 5.5 സെന്റിമീറ്റര്‍ ആയാണ് കണക്കാക്കുന്നത്. പുകവലി, ശ്വാസകോശ രോഗങ്ങള്‍, രക്തസമ്മര്‍ദം എന്നിവ വീക്കം ഉണ്ടാകുന്നതിന്റെ വേഗം വര്‍ധിപ്പിക്കുന്നു. ക്ലിനിക്കല്‍ പരിശോധനയും അള്‍ട്രാസൗണ്ട് സ്കാനിംഗും രോഗനിര്‍ണയത്തിനു സഹായിക്കുന്നു.
സിടി അയോര്‍ട്ടോഗ്രാം എന്ന രോഗ നിര്‍ണയ രീതിയിലൂടെ (CT Aortogram) അനൂറിസം, അതിന്റെ വലുപ്പം, വ്യാപ്തി, എന്നിവ സ്ഥിരീകരിക്കുന്നു. ഓപ്പണ്‍ സര്‍ജറിയാണ് ആദ്യ ഘട്ടങ്ങളിലെ ചികിത്സാരീതി. രോഗികളുടെ പൊതുവായ/ഹൃദയ സംബന്ധമായ അവസ്ഥ അനുകൂലമല്ലെങ്കില്‍ എന്‍ഡോവാസ്കുലര്‍ സര്‍ജറി ചെയ്യേണ്ടതായി വരും.
വിവരങ്ങൾ: ഡോ. ഉണ്ണികൃഷ്ണൻ
സീനിയർ വാസ്കുലർ സർജൻ,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.