കുടക്കിലെ കുഴിമാടങ്ങൾ: ചിന്നപ്പ നിലവിളിച്ചു; പിടഞ്ഞുവീണു മരിച്ചു
റെജി ജോസഫ്
Wednesday, July 23, 2025 4:57 PM IST
വൈകുവോളം പണി കഴിഞ്ഞ് അത്താഴത്തിന് വേവിച്ചുകഴിക്കാന് പൊന്നണ്ണ തോട്ടത്തിലെ പ്ലാവില്‍ കയറി ചക്കയിട്ട കുറ്റമേ ചെയ്തുള്ളു. 26 കാരനായ പൊന്നണ്ണയെ തോട്ടം ഉടമ ചിന്നപ്പ വെടിവച്ചു കൊന്നു. 2024 ഡിസംബര്‍ 27ന് കുടകിലെ ചെമ്പെബെല്ലൂര് ഗ്രാമത്തിലായിരുന്നു അരുംകൊല.
ചിന്നപ്പയുടെ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പൊന്നണ്ണ. കൂറ്റന്‍ കാവല്‍ നായയുമായി പാഞ്ഞെത്തി ഇരട്ട ബാരല്‍ തോക്കിന് പൊന്നണ്ണയെ വെടിവയ്ക്കുന്നതിനു മുന്‍പ് ഗോത്രവാസിയായ ഇദ്ദേഹത്തെ ജാതി അധിക്ഷേപവും നടത്തി. ഇരുപതടി ഉയരത്തില്‍ വെടിയേറ്റ് പ്ലാവില്‍നിന്ന് പൊന്നണ്ണ അലറിവിളിച്ച് നിലത്തു വീണു പിടഞ്ഞു.
ഭാര്യ ഗീത സഹായത്തിനായി കെഞ്ചിയപ്പോള്‍ നീ ചക്ക മോഷ്ടിക്കുമോ എന്ന് അലറി ചിന്നപ്പ സ്ഥലം വിട്ടു. പ്രതിഷേധത്തിനൊടുവില്‍ സിരാജ്പേട്ട റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത ചിന്നപ്പ ഇപ്പോള്‍ ജയിലിലാണ്. സവര്‍ണജാതിയായ കൊടവ സമുദായാംഗമാണ് ചിന്നപ്പ.
ശേഖരന് എന്തു സംഭവിച്ചു
പുല്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനും അച്ഛന് കയമ്മയും സഹോദരന് ബാബുവും കുടകില്‍ ഇഞ്ചിപ്പണിക്കു പോയതാണ്. സുഖമില്ലാതെ നാട്ടിലേക്ക് മടങ്ങിയെങ്കിലും തോട്ടം ഉടമ പണിക്കൂലി തരാനുണ്ടെന്നു പറഞ്ഞ് വൈകാതെ ശേഖരന് തോട്ടത്തിലേക്ക് തിരികെ പോയി.
ശേഖരന്റെ ഫോണ്‍ തകരാറിലായതിനാല്‍ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അവിടെയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ശേഖരന് പനി കലശലാണെന്ന് ബാബുവിന് ഫോണില്‍ അറിയിപ്പുവന്നു.
ബാബു എത്തിയപ്പോള്‍ തോട്ടത്തിനടുത്തുള്ള ഷെഡ്ഡില്‍ ശേഖരന് ബോധമില്ലാതെ കിടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം കിടത്തിയിട്ടും രക്ഷയില്ലാതെ അനുജനെ മാനന്തവാടി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ബാബു താത്പര്യപ്പെട്ടു.
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ ശേഖരന് മരിച്ചു. മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ വയറിന്റെ ഇരു വശങ്ങളിലുംനിന്ന് രക്തം വന്നിരുന്നതായി ബാബു പറയുന്നു. വയറ്റില്‍ ആഴത്തിലുള്ള മുറിവ് പഞ്ഞിയും തുണിയുംകൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു.
ഐസിയുവില്‍ പ്രവേശിപ്പിക്കുമ്പോള്‍ മുറിവുകളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തിനു പിന്നില്‍ അധോലോക അവയവ മാഫിയയോ എന്നതാണ് ഉറ്റവരുടെ സംശയം. കുടകളിലെ തോട്ടങ്ങള്‍ ഒരു അധോലോകമാണ്.
നിഗൂഢമായ വനമാണ് ഓരോ തോട്ടവും. തോട്ടത്തിലേക്ക് കയറിയാല്‍ ഇരുള് കയറിയ പ്രതീതിയാണ്. അതിനുള്ളില്‍ എന്തു സംഭവിച്ചാലും ലോകം അറിയില്ല. സൗക്കാര് തല്ലാനും കൊല്ലാനും മടിക്കില്ല- കാലങ്ങളായി അവിടെ പണിക്കുപോകുന്ന മാനന്തവാടിയിലെ ലക്ഷ്മി പറഞ്ഞു.
സ്ത്രീകള്‍ ശാരീരികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്ന സങ്കട അനുഭവങ്ങളാണ് ബത്തേരിയിലെ കാളി പറയുന്നത്. പണിക്കെത്തുന്ന ഗര്‍ഭിണിയായ തൊഴിലാളികള്‍ ഒന്‍പതാം മാസം വരെ ജോലി ചെയ്യണം. ഒരു ദിവസം 300 കിലോ കാപ്പി വരെ പറിക്കേണ്ടിവരും. കുടിവെള്ളം പോലും കുടിക്കാന്‍ സമയം തരില്ല.
പ്രസവം കഴിഞ്ഞ് മൂന്നാം മാസം ജോലിക്കു കയറണം. കാപ്പിയില്‍ തുണിത്തൊട്ടില്‍ കെട്ടി കുഞ്ഞിന് അതില്‍ കിടത്തിയശേഷമാണ് അമ്മമാര്‍ തൊഴില്‍ ചെയ്യുന്നത്- കാലങ്ങളായി കുടകളില്‍ ജോലിക്കു പോകുന്ന വെള്ളമുണ്ടയിലെ വെളുത്ത അനുഭവം പറഞ്ഞു.

ഇനി കുടകിലേക്കില്ല
സൗക്കാര്മാരുടെ പീഡനത്തില്‍ ഓടി രക്ഷപ്പെട്ടവരാണ് മൂപ്പെയ്നാട് ജയ്ഹിന്ദ് കോളനിയിലെ അപ്പു-കല്യാണി ദമ്പതികള്‍. തേയില, വാഴത്തോട്ടങ്ങളിലായിരുന്നു ജോലി. ആദ്യമൊക്കെ ഭക്ഷണവും താമസവും നല്‍കിയെങ്കിലും പിന്നീട് ഇതൊന്നും ഇല്ലാതായി.
കൂലി ചോദിച്ചാല്‍ തല്ലും അധിക്ഷേപവും പതിവായി. കൊല്ലുമെന്ന ഭീഷണിയെത്തുടര്‍ന്ന് ജീവനുംകൊണ്ട് ഇരുവരും ഒളിച്ചോടുകയായിരുന്നു. രണ്ടു ദിവസത്തെ അലച്ചലിനൊടുവില്‍ മറ്റൊരു സൗക്കാറിന്റെ തോട്ടത്തില്‍ പണിയെടുത്തു തുടങ്ങി.
വൈകാതെ അവിടെയും ജീവിതം ദുസഹമായി. ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ മേപ്പാടി പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തില്‍ അപ്പുവിനെയും കല്യാണിയേയും കണ്ടെത്തി നാട്ടിലെത്തിച്ചു.
പട്ടിണി കിടക്കേണ്ടിവന്നാലും ഇനി കുടകിലേക്ക് മടങ്ങില്ലെന്നാണ് അപ്പുവും കല്യണിയും പറയുന്നത്.

അന്വേഷണങ്ങള്‍ പ്രഹസനം
കാണാതായതും കൊലപാതകങ്ങളും അടക്കം ഇരുന്നൂറിലെ സംഭവങ്ങളുടെ ചുരുള്‍ നിവരണമെന്ന് ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണി കെ. വയനാട് പറഞ്ഞു. മിക്ക കൊലപാതകങ്ങളും മുങ്ങിമരണമായി മാറ്റും. ആരും എത്താത്തിനാല്‍ മൃതദേഹം കുടകില്‍ മറവുചെയ്തെന്നും പറയും.
2007-08 ല്‍ മാത്രം അവിടെ 15 ദുരൂഹമരണങ്ങളുണ്ടായി. 34 പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്തതായും 36 പേര് രോഗം ബാധിച്ച് മരിച്ചതായും കണ്ടെത്തിയിരുന്നു. ഉത്തരമേഖല ഐജി മോഹനചന്ദ്രന് അന്വേഷണം നടത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും അമ്മിണി പറഞ്ഞു.
മരണങ്ങള് വര്‍ധിച്ചതോടെ തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുവഴിയാണ് തൊഴിലാളികള്‍ പോയിരുന്നത്. വൈകാതെ ഈ സംവിധാനം നിലച്ചു. പണിതേടി പോകുന്ന ആദിവാസികളുടെ എണ്ണത്തില്‍ കണക്കൊന്നുമില്ല.
അവരേറെയും അടിമപ്പണിയിലാണോ അറപ്പുരകളില്‍ തടവിലാണോ എന്നറിയില്ല. കൂലി കുറവാണെങ്കിലും പട്ടിണിയകറ്റാന്‍ കുടകില്‍ പണിക്കുപോകാന്‍ നിര്‍ബന്ധിതരാണ്. വിലക്കുറവില്‍ മദ്യം കിട്ടുമെന്നതാണ് മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.
ചിലയിടങ്ങളില്‍ കൂലിക്കു പകരം മദ്യമാണു നല്‍കുക. നല്ല ശാരീരികാധ്വാനമുള്ള പണിക്കിറങ്ങുന്ന തൊഴിലാളികള്‍ക്ക് മദ്യം കൊടുത്താല്‍ ക്ഷീണമറിയാതെ ഏറെ നേരം പണിയെടുത്തുകൊള്ളും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വയനാട് ജില്ലയിലാണ്. പണിയര്‍, അടിയര്‍, കുറിച്യര്‍, മുള്ളക്കുറുമര്‍, കാട്ടുനായ്ക്കര്‍, ഊരാളി കുറുമര്‍, വയനാടന്‍ കാടര്‍ തുടങ്ങി പ്രധാനമായി ഏഴ് വിഭാഗങ്ങള്‍.
പണിയ വിഭാഗക്കാരാണ് കൂടുതല്‍. പണിയരും അടിയരും പരമ്പരാഗതമായി അടിമവേല ചെയ്തുവന്നവരാണ്. വള്ളിയൂര്‍ക്കാവ് ക്ഷേത്ര പറമ്പില്‍ മുന്‍കാലത്ത് ഒരു ആചാരമുണ്ടായിരുന്നു. ക്ഷേത്രം ഉത്സവത്തിന് പണിയരും അടിയരും ഊരുകളില്‍ നിന്നെത്തും.
അമ്പലപ്പറമ്പില്‍ സവര്‍ണ ജന്മിമാരെത്തി ആരോഗ്യമുള്ള ആദിവാസികളെ തെരഞ്ഞെടുക്കും. അടുത്ത ഉത്സവംവരെ ഒരേ ജന്മിയുടെ കീഴില്‍ ജോലി ചെയ്യാമെന്ന് അമ്പലപ്പറമ്പില്‍ സത്യം ചെയ്യിപ്പിക്കും. പണിയിടത്തില്‍ ജന്മിയുടെ പീഡനം സഹിച്ച് കഴിയും.
അടുത്ത വര്‍ഷം ഉത്സവത്തിന് മറ്റൊരു ജന്മിക്ക് കൈമാറും. വലിയ തോട്ടം ഉടമകള്‍ക്ക് നിരവധി അടിമകളുണ്ടാകും. ഇവര്‍ കുടില്‍കെട്ടി പാര്‍ത്ത് കാട് വെട്ടി കൃഷി ചെയ്യണം. ഒരിടം കൃഷിയിടമാക്കിയാല് അടുത്ത കാട്ടിലേക്കു പോകണം.
അങ്ങനെ ആദിവാസികള്‍ സ്വന്തമായി ഭൂമിയില്ലാത്ത അടിയാന്മാരായി. മരണം കുടകിലാണ് സംഭവിക്കുന്നതെന്ന ന്യായത്തില്‍ കേരള പോലീസ് ഒഴിഞ്ഞുമാറും. ആദിവാസികള്‍ കേസ് കൊടുത്താല്‍ അത് എഫ.ഐ.ആറില്‍ അവസാനിക്കും. പലപ്പോഴും പോസ്റ്റുമോര്‍ട്ടം ചെയ്യാതെ സംസ്കരിക്കുകയാണ് പതിവ്.
2005 ഏപ്രിലില്‍ കുടകില്‍ ജോലിക്ക് പോയ നൂല്‍പ്പുഴ പഞ്ചായത്തിലെ ചൂണ്ടപ്പാടി കോളനിയിലെ കോലു ദുരൂഹ സാഹചര്യത്തില്‍ മരിച്ചുതോടെയാണ് വയനാട്ടിലെ ആദിവാസികളുടെ മരണങ്ങളുടെയും കാണാതാകലുകളുടെയും പീഡനങ്ങളുടെയും വിവരങ്ങള്‍ പുറംലോകമറിയുന്നത്.
തുടര്‍ന്ന് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘം കുടക് സന്ദര്‍ശിച്ചു. കുടകില്‍ പണിയെടുക്കുന്ന ആദിവാസികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെയും തൊഴില്‍ ചൂഷണങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സംഘം പുറത്തുവിട്ടത്.
കേരളത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 35 ലക്ഷം അതിഥി തൊഴിലാളികള്‍ സുരക്ഷിതരായി ജോലി ചെയ്യുമ്പോഴാണ് വയനാട്ടില്‍നിന്ന് കര്‍ണാടകത്തിലേക്ക് ജോലിക്ക് പോകുന്നവരുടെ ദുര്‍ഗതിയെന്ന് അമ്മിണി കൂട്ടിച്ചേര്‍ത്തു.