ശ്വാസകോശ കാൻസർ: പുകവലി മാത്രമല്ല വില്ലൻ
Tuesday, September 23, 2025 12:11 PM IST
ലോകത്ത് കാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഒന്നാമതാണ് ശ്വാസകോശ കാൻസറിന്റെ സ്ഥാനം. ശ്വാസകോശ കാൻസർ എന്നാൽ പുകവലിയുമായി ബന്ധപ്പെട്ട രോഗമാണെന്നായിരുന്നു പൊതുവെ ധരിച്ചിരുന്നത്.
പുകവലി തന്നെയാണ് ഈ രോഗം വരാനുള്ള പ്രധാന കാരണം. എന്നാൽ, പുകവലിക്കാത്തവർക്കും ശ്വാസകോശ കാൻസർ കൂടുന്നതായി പുതിയ പഠനങ്ങൾ പറയുന്നു.
രോഗശൈലിയിലെ പുതിയ മാറ്റവും പ്രത്യേകിച്ച് സ്ത്രീകളിലെ ശ്വാസകോശ അർബുദത്തിന്റെ വർധനവും വ്യക്തമാക്കുന്നത് അടിയന്തിര രോഗനിർണയത്തിന്റെയും ചികത്സയുടെയും ആവശ്യകതയാണ്.
സിഗരറ്റ് ഒന്നുപോലും തൊടാത്തവരിലും പുകയുമായി അധികം സമ്പർക്കം വരാത്തവരിലും പോലും ശ്വാസകോശ കാൻസർ കൂടിവരുന്നത് കാണുന്നുണ്ട്. ഈ മാറ്റം സ്ത്രീകളിലാണ് കൂടുതൽ പ്രകടമായി കാണുന്നത്.
രോഗകാരണങ്ങളിൽ വന്ന മാറ്റം - പുകവലിക്കുമപ്പുറം
പുകവലി അല്ലെങ്കിൽ മറ്റെന്താണ് ഈ ആശങ്കാജനകമായ പ്രവണതയ്ക്ക് പിന്നിൽ? ഇതിന് പല കാരണങ്ങളുണ്ട്. നമ്മുടെ ചുറ്റുപാടുകളും ജനിതകപരമായ കാര്യങ്ങളും ജീവിതരീതിയുമെല്ലാം ഇതിൽ പ്രധാനമാണ്.
വായു മലിനീകരണം - നിശബ്ദനായ കൊലയാളി: നമ്മുടെ നഗരങ്ങളിൽ വായു മലിനീകരണം ഒരു വലിയ പ്രശ്നമാണ്. വാഹനങ്ങൾ, ഫാക്ടറികൾ, പാഴ് വസ്തുക്കൾ കത്തിക്കുന്നത് എന്നിവയിൽ നിന്നെല്ലാം പുറത്തുവരുന്ന ചെറിയ കണികകൾ (PM2.5) നമ്മുടെ ശ്വാസകോശത്തിനുള്ളിലേക്ക് കടന്ന് കോശങ്ങളെ നശിപ്പിക്കുന്നു.
ഇത് പിന്നീട് കാൻസറായി മാറാൻ സാധ്യതയുണ്ട്. പുക ശ്വസിക്കുന്നവർക്കും അല്ലാത്തവർക്കും ഇത് ഒരുപോലെ ഭീഷണിയാണ്.
സെക്കൻഡ് ഹാൻഡ് സ്മോക്ക് - അദൃശ്യ ഭീഷണി: നേരിട്ടുള്ള പുകവലി മാത്രമല്ല, മറ്റൊരാൾ പുകവലിക്കുമ്പോൾ അടുത്തിരിക്കുന്നത് പോലും അപകടകരമാണ്. പുകവലിക്കാരോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വലിയ അപകടത്തിലാണ്.
പല ഇന്ത്യൻ വീടുകളിലും അടുപ്പിൽ നിന്നുള്ള പുക പോലുള്ളവ ഈ അപകടസാധ്യത വർധിപ്പിക്കുന്നു.
റഡോൺ വാതകം: മണമോ നിറമോ ഇല്ലാത്ത ഒരു റേഡിയോആക്ടീവ് വാതകമാണിത്. മണ്ണിൽ നിന്നും പാറകളിൽ നിന്നും ഇത് വീടുകളിലേക്ക് പ്രവേശിക്കാം. ഇതിനെക്കുറിച്ച് പലയിടത്തും അവബോധം കൂടുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇത് അത്ര ശ്രദ്ധിക്കപ്പെടുന്നില്ല.
റഡോൺ വാതകവുമായി ദീർഘകാലം സമ്പർക്കത്തിൽ വരുന്നത് ശ്വാസകോശ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും, പ്രത്യേകിച്ചും പുകവലിക്കാത്തവരിൽ.
ജനിതകപരമായ കാരണങ്ങൾ: നമ്മുടെ ശരീരത്തിലെ ജീനുകൾക്കും ഈ രോഗത്തിൽ പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. എപിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ (EGFR) മ്യൂട്ടേഷനുകൾ പോലുള്ള ചില ജീൻ മാറ്റങ്ങൾ പുകവലിക്കാത്ത ശ്വാസകോശ കാൻസർ രോഗികളിൽ, പ്രത്യേകിച്ച് ഏഷ്യൻ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.
ഈ മാറ്റങ്ങൾ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്ക് കാരണമാവുകയും ട്യൂമറായി മാറുകയും ചെയ്യാം. എന്നാൽ, ഇത്തരം ജനിതക മാറ്റങ്ങളുള്ള കാൻസറിന് പ്രത്യേകതരം മരുന്നുകൾ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ നേരത്തെ ഇത് കണ്ടെത്തേണ്ടത് പ്രധാനമാണ്.
തൊഴിൽപരമായ കാരണങ്ങൾ: ജോലിസ്ഥലത്ത് ആസ്ബറ്റോസ്, ഡീസൽ പുക, സിലിക്ക, ചില രാസവസ്തുക്കൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നത് പുകവലിക്കാത്തവരിലും ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കാം.
ശ്വാസകോശ കാൻസർ ഭീതി സ്ത്രീകളിലേക്ക്: മാറുന്ന കണക്കുകൾ
മുമ്പ് പുരുഷന്മാരിലായിരുന്നു ശ്വാസകോശ കാൻസർ കൂടുതൽ കണ്ടിരുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പുതിയ കണക്കുകൾ പ്രകാരം സ്ത്രീകളിലും അതും പുകവലിക്കാത്തവരിലും ചെറുപ്പക്കാരിലും ഈ രോഗം കൂടുന്നതായി കാണുന്നു.
ശ്വാസകോശ കാൻസർ രോഗികളുടെ കണക്കുകളിൽ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത് എങ്കിലും സ്ത്രീകളിലെ ഈ വർധനവ് ആശങ്കാജനകമാണ്.
പുക ഏൽക്കുന്നത്, അടുക്കളയിലെ പുക, എപിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ (EGFR) പോലുള്ള ചില ജനിതകപരമായ മാറ്റങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകാം.
അഡിനോകാർസിനോമ എന്ന ശ്വാസകോശ കാൻസർ പുകവലിക്കാത്ത സ്ത്രീകളിൽ സാധാരണയായി കണ്ടുവരാറുണ്ട്.
നേരത്തെയുള്ള രോഗനിർണയത്തിന്റെ അനിവാര്യത
ശ്വാസകോശ കാൻസറിന്റെ ഒരു പ്രധാന വെല്ലുവിളി, പ്രത്യേകിച്ചും പുകവലിക്കാത്തവരിൽ, രോഗം ഗുരുതരമായതിന് ശേഷം മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ കാണാറുള്ളൂ എന്നതാണ്.
അപ്പോഴേക്കും ചികിത്സാ സാധ്യതകൾ കുറവായിരിക്കും. അതുകൊണ്ടാണ് നേരത്തെയുള്ള രോഗനിർണയം പരമപ്രധാനമാകുന്നത്.
പുകവലിക്കാത്ത ആളാണെങ്കിൽ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
മാറാത്ത ചുമ: കുറേ ആഴ്ചകളായി മാറാതെ നിൽക്കുന്നതോ കൂടുതൽ മോശമാകുന്നതോ ആയ ചുമ.
ശ്വാസംമുട്ട്: കാരണം വ്യക്തമല്ലാത്ത ശ്വാസംമുട്ട്, പ്രത്യേകിച്ച് ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും.
നെഞ്ചുവേദന: മാറാതെ നിൽക്കുന്ന നെഞ്ചുവേദന, പ്രത്യേകിച്ച് ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ വേദന കൂടുന്നുണ്ടെങ്കിൽ.
കാരണമില്ലാതെ ഭാരം കുറയുന്നത്: പെട്ടെന്ന് ശരീരഭാരം കുറയുന്നത്.
ക്ഷീണം: വിശ്രമിച്ചാലും മാറാത്ത അമിതമായ ക്ഷീണം.
ശബ്ദത്തിലെ മാറ്റം: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശബ്ദത്തിലെ വ്യത്യാസം.
തുടർച്ചയായ ശ്വാസകോശ അണുബാധ: ഇടയ്ക്കിടെ ബ്രോങ്കൈറ്റിസോ ന്യൂമോണിയയോ വരുന്നത്.
ചുമച്ച് രക്തം വരുന്നത്: ഇത് വളരെ ഗൗരവമുള്ള ഒരു ലക്ഷണമാണ്, ഉടൻ തന്നെ ഡോക്ടറെ കാണണം.
ചെസ്റ്റ് എക്സ്-റേ പോലുള്ള സാധാരണ പരിശോധനകൾക്ക് എല്ലായ്പ്പോഴും ആദ്യഘട്ടത്തിലെ കാൻസർ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല.
എന്നാൽ, ലോ-ഡോസ് കമ്പ്യൂട്ടഡ് ടോമോഗ്രഫി (LDCT) സ്കാനുകൾ പോലുള്ള നൂതന പരിശോധനകൾ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് ഒരു നിർണായകമാണ്.
എല്ലാ പുകവലിക്കാത്തവർക്കും LDCT സ്ക്രീനിംഗ് നിർബന്ധമല്ലെങ്കിലും മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളോ അപകടസാധ്യതകളോ ഉണ്ടെങ്കിൽ നിങ്ങളുടെ ശ്വാസകോശ രോഗ വിദഗ്ധനുമായി (പൾമണോളജിസ്റ്റ്) സംസാരിക്കുന്നത് വളരെ പ്രധാനമാണ്.
ശ്വാസകോശ കാൻസറിനെതിരേ ഒരുമിക്കാം: ചെയ്യേണ്ടത് എന്തെല്ലാം?
പൊതുജനങ്ങളെ പഠിപ്പിക്കുക: ശ്വാസകോശ കാൻസർ എന്നത് പുകവലിക്കാർക്ക് മാത്രമുള്ള രോഗമല്ലെന്ന് എല്ലാവരെയും അറിയിക്കുക.
പരിസ്ഥിതി സംരക്ഷണം: വായു മലിനീകരണം കുറയ്ക്കാനും ശുദ്ധമായ ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കാനും കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടുക.
പുകവലി നിർത്തലാക്കലും സെക്കൻഡ് ഹാൻഡ് പുക ലഘൂകരണവും: പുകവലിക്കെതിരേയുള്ള ശക്തമായ പ്രചാരണങ്ങൾ തുടരുകയും പുകരഹിത ചുറ്റുപാടുകൾ സൃഷ്ടിക്കുകയും ചെയ്യുക.
നേരത്തെയുള്ള രോഗലക്ഷണങ്ങളുടെ തിരിച്ചറിയൽ: സൂക്ഷ്മമായ ലക്ഷണങ്ങൾ തിരിച്ചറിയാനും സമയബന്ധിതമായി വൈദ്യസഹായം തേടാനും വ്യക്തികളെ പ്രാപ്തരാക്കുക.
ആവശ്യമുള്ളവർക്ക് പ്രത്യേക പരിശോധന: ജനിതകപരമായ കാരണങ്ങളോ അല്ലെങ്കിൽ പരിസ്ഥിതിയിൽ നിന്നുള്ള വലിയ അപകടസാധ്യതകളോ ഉള്ളവർക്ക്, ശ്വാസകോശ രോഗ വിദഗ്ധനുമായി സംസാരിച്ച് തങ്ങൾക്ക് പ്രത്യേക സ്ക്രീനിംഗ് പരിശോധനകൾ ആവശ്യമുണ്ടോ എന്ന് ചർച്ച ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
ശ്വാസകോശ കാൻസർ ഒരു വലിയ വെല്ലുവിളിയാണ്. എന്നാൽ കൂടുതൽ അവബോധം നൽകുന്നതിലൂടെയും മുൻകൂട്ടിയുള്ള പരിശോധനകളിലൂടെയും പുതിയ ചികിത്സാരീതികളിലൂടെയും രോഗം നേരത്തെ കണ്ടെത്താനും രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്താനും സാധിക്കും.
നിങ്ങളുടെ ശ്വാസകോശങ്ങൾ വളരെ വിലപ്പെട്ടതാണ്. നമുക്ക് അവയെ സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കാം.
ഡോ. അസീസ്
സീനിയർ കൺസൾട്ടന്റ്, പൾമണോളജി,
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ അങ്കമാലി