ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്
Friday, June 12, 2020 2:38 PM IST
1. കേരളത്തിനു പുറത്തുനിന്ന് എത്തുന്നവർ വീ്ട്ടിലെ ഒരു മുറിയിൽ നിരീക്ഷണത്തിൽ കഴിയുക.
2. താമസിക്കുന്ന മുറി വായൂസഞ്ചാരമുള്ളതും ശുചിമുറിയോടു കൂടിയതുമായിരിക്കണം(അറ്റാച്ഡ് ബാത്ത് റൂം സൗകര്യം). ജനലുകൾ പകൽ തുറന്നിടുക.
3. മുറിയിലും ശുചിമുറിയിലും ഉപയോഗിക്കുന്ന വസ്തുക്കൾ പങ്കിടരുത്. സന്പർക്കം പാടില്ല.
4. വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. പ്രത്യേകിച്ചു ശൗചാലയം ഉപയോഗിച്ചതിനു ശേഷവും ശരീരസ്രവങ്ങളിൽ സ്പർശിച്ചതിനുശേഷവും.
5. വ്യക്തിശുചിത്വം പാലിക്കുക. നിർബന്ധമായും മാസ്ക് ധരിക്കുക.
6. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും മൂക്കും വായും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ചു പൊത്തുക.
7. മുഖാവരണമോ ടിഷ്യുവോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മടക്കിയ കൈത്തണ്ടയിലേക്ക് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തശേഷം പിന്നീട് അവിടം ശുചിയാക്കുക.
8. ബ്ലീച്ചിംഗ് പൗഡർ ലയിപ്പിച്ച ലായനിൽ മുക്കിയ ശേഷം സോപ്പുപയോഗിച്ചു തുണി അലക്കുക. ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് മുറിയുടെ തറ, വാഷ്ബേസിൻ, കക്കൂസ്, ഗൃഹോപകരണങ്ങൾ തുടങ്ങിയവ വൃത്തിയാക്കുക.
9. നന്നായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. പോഷകസമൃദ്ധമായ ആഹാരം, പഴവർഗങ്ങൾ എന്നിവ കഴിക്കുക.
10. രോഗലക്ഷണങ്ങളുണ്ടെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ബന്ധപ്പെടണം. അധികൃതരുടെ അനുമതിയില്ലാതെ ചികിത്സയ്ക്കാണെങ്കിൽ പോലും വീടിനു പുറത്തിറങ്ങരുത്. കൂടുതൽ വിവരങ്ങൾക്ക് ദിശ നന്പറുകളിൽ 1056, 0471 2552056 ബന്ധപ്പെടുക.
ക്വാറന്റൈനിൽ കഴിയുന്നവർ അടുത്ത് താമസിക്കുന്നതിൽ ആശങ്ക വേണ്ട
കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും വലിയ ആയുധമാണ് ഹോം ക്വാറന്റൈൻ. വിദേഷരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും സഞ്ചരിച്ച് നാട്ടിലെത്തിയ എല്ലാവരും 14 ദിവസം പൊതു സന്പർക്കം ഒഴിവാക്കി ഒരു മുറിക്കുള്ളിൽ കഴിയണം.
അങ്ങനെ ക്വാറന്റൈനിൽ കഴിയുന്ന ഒരാൾ നമ്മുടെ പ്രദേശത്തു താമസിക്കുന്നതുകൊണ്ട് നമുക്ക് രോഗസാധ്യതയുണ്ടോ?
ഇല്ല. അത്തരം ആശങ്കകൾക്ക് ഒരടിസ്ഥാനവും ഇല്ല. ക്വാറന്റൈനിൽ കഴുയുന്നവരുമായി സന്പർക്കം ഒഴിവാക്കുക എന്നതാണ് മറ്റുള്ളവർ ചെയ്യേണ്ടത്. അതിനോടൊപ്പം അവർക്കുവേണ്ട സഹായങ്ങൾ ചെയ്തു നല്കുകയും എല്ലാ വിധത്തിലുള്ള മാനസിക പിന്തുണയും നല്കുകയും ചെയ്യണം.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക, മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക, അനാവശ്യമായി പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് കോവിഡ് 19 പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങൾ.
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത് മിഷൻ, ആരോഗ്യ കേരളം.,
ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സംസ്ഥാന സർക്കാർ.