ഗര്‍ഭാശയമുഖ കാന്‍സറിന്‍റെ പ്രതിരോധവും ചികിത്സയും
സ്ത്രീകളില്‍ കാണുന്ന അര്‍ബുദരോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയമുഖ കാന്‍സര്‍. തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായി ഇത് ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.തന്നെയുമല്ല രോഗം പിടിപെട്ടുതുടങ്ങുന്ന അവസ്ഥയില്‍ രോഗലക്ഷണം കുറവാണ്. രോഗം മാരകമായ അവസ്ഥയില്‍ എത്താന്‍ 10-15 വര്‍ഷം വരെ എടുക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ഇത് തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ സ്‌ക്രീനിംഗ് പരിശോധന തുടങ്ങേണ്ടത് ആവശ്യമാണ്.

ഗര്‍ഭാശയമുഖ കാന്‍സറിന്‍റെ പ്രതിരോധ രീതികളെയും ചികിത്സയെയും കുറിച്ചുള്ള പൊതുവായ സംശയങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

എങ്ങനെയാണ് ഗര്‍ഭാശയമുഖ കാന്‍സര്‍ വരുന്നത് ?

ഗര്‍ഭാശയമുഖത്തെ കോശങ്ങള്‍ അസാധാരണ രീതിയില്‍ വളര്‍ന്നു സാധാരണ കോശങ്ങളെ നീക്കം ചെയ്തു, പുറത്തേക്കു കാണുന്ന മുഴയായിട്ടോ, ഗര്‍ഭാശയത്തിനകത്തേക്കോ സമീപത്തെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചോ ആണ് ഇത് കാണുന്നത്. 99% രോഗികളിലും ഈ വ്യത്യാസങ്ങള്‍ക്കു കാരണമായി കാണുന്നത് ലൈംഗികമായി പകരുന്ന ഹ്യൂമന്‍ പാപ്പില്ലോമാ വൈറസ് (HPV) രോഗബാധയാണ്. 20 വയസാകുന്നതിനു മുമ്പേ തുടങ്ങുന്ന ലൈംഗികജീവിതം,ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍, രണ്ടിലധികം പ്രസവം, പുകവലി, 5 വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗം ഇവയെല്ലാം ഗര്‍ഭാശയമുഖ കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു.

ഏതു പ്രായത്തിലാണ് ഇത് കൂടുതല്‍ കാണുന്നത് ?

30-നും 45-നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇത് കൂടുതലും കാണുന്നത്. 20-നും 39-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഉണ്ടാകുന്ന അര്‍ബുദമരണത്തിന്റെ പ്രധാന കാരണം ഗര്‍ഭാശയമുഖ കാന്‍സര്‍ ആണ്

ഇത് ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം ?

9 വയസുമുതല്‍ തുടങ്ങാവുന്ന HPV പ്രതിരോധകുത്തിവെപ്പ് കൊണ്ടും 25 വയസ് മുതല്‍ തുടങ്ങേണ്ട സ്‌ക്രീനിംഗ് പരിശോധന വഴിയും നേരത്തെ തന്നെ കണ്ടുപിടിച്ച് ഈ രോഗം മാരകമായി ബാധിക്കാതെ നമുക്ക് നമ്മെ തന്നെ സംരക്ഷിക്കാം.

സ്‌ക്രീനിംഗ് പരിശോധന എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത് ?

ഗര്‍ഭാശയമുഖത്തുനിന്നും യോനിയില്‍ കൊഴിഞ്ഞുവീഴുന്ന കോശങ്ങളില്‍ ക്യാന്‍സറിന്റെ തുടക്കമായ അപാകതയുണ്ടോ എന്ന് നോക്കുന്ന പാപ് സ്മിയര്‍ (PAP Smear) പരിശോധനയും, ഇതേ കോശങ്ങളില്‍ എച്ച്പിവി ബാധിച്ചിട്ടുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഉണ്ടോ എന്ന് കണ്ടുപിടിക്കുന്ന HPV-DNA പരിശോധനയും ആണ് സ്‌ക്രീനിംഗ് പരിശോധനയില്‍ പെടുന്നത്. 25 വയസ് പൂര്‍ത്തിയാകുമ്പോള്‍ മുതല്‍ 3 വര്‍ഷം കൂടുമ്പോള്‍ പാപ് സ്മിയര്‍ പരിശോധനയും, 5 വര്‍ഷം കൂടുമ്പോള്‍ HPV-DNA പരിശോധനയും ചെയ്യേണ്ടതാണ്.

എച്ച്പിവി പ്രതിരോധകുത്തിവെപ്പ് എങ്ങനെയാണ് എടുക്കേണ്ടത് ?

ലൈംഗികജീവിതം തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതാണ് ഉത്തമം. 9 മുതല്‍ 15 വയസുവരെ പ്രായമുള്ളവര്‍ക്ക് 6 മാസം ഇടവിട്ട് 2 ഡോസ് എടുത്താല്‍ മതിയാവും. 15-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആദ്യത്തെ ഡോസ് കഴിഞ്ഞാല്‍ ഒന്നാം മാസവും ആറാം മാസവും ആയി ഒക്കെ 3 ഡോസ് എടുക്കേണ്ടി വരും. ഗര്‍ഭകാലത്ത് ഈ വാക്സിന്‍ ഒഴിവാക്കുന്നതാണ് നല്ലത്.


എച്ച്പിവി വാക്സിനേഷന്‍ ചെയ്തവര്‍ സാധാരണയുള്ള സ്‌ക്രീനിംഗ് പരിശോധന നടത്തേണ്ടതുണ്ടോ ?

എച്ച്പിവി പ്രതിരോധ കുത്തിവെപ്പ് എടുത്തവരും 65 വയസ്സ് വരെ സ്‌ക്രീനിംഗ് പരിശോധനയ്ക്ക് വിധേയരാകണം. 50 വയസ്സിനു ശേഷം ചെയ്ത 3 പാപ് സ്മിയര്‍ പരിശോധന അഥവാ, 2 കോടെസ്റ്റ് (HPV-DNA + PAP Smear test) നെഗറ്റീവ് ആണെങ്കില്‍ 65 വയസിനു ശേഷം സ്‌ക്രീനിംഗ് പരിശോധന നടത്തേണ്ടതില്ല . 65 വയസു വരെ ചെയ്തിട്ടില്ലെങ്കില്‍, അതിനുശേഷം ചെയ്യുന്ന 1 കോ ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പിന്നീട് സ്‌ക്രീനിംഗ് പരിശോധന ചെയ്യേണ്ടതില്ല.

ലൈംഗികബന്ധത്തിലൂടെ പകരുന്നതാണല്ലോ HPV. അതുകൊണ്ട് ജീവിതപങ്കാളിക്കും പ്രശ്‌നങ്ങള്‍ വരുമോ ?

എച്ച്പിവി കൊണ്ട് പുരുഷലിംഗത്തിലും കാന്‍സര്‍ വരാവുന്നതാണ്. അതുകൊണ്ട് പുരുഷന്മാര്‍ക്കും ലൈംഗികജീവിതം തുടങ്ങുന്നതിനു മുമ്പ് വാക്സിനേഷന്‍ ചെയ്യേണ്ടതാണ്.

ഗര്‍ഭാശയമുഖ ക്യാന്‍സര്‍ കണ്ടുപിടിച്ചാല്‍ അതിന്റെ ചികിത്സ എങ്ങനെയാണ് ?

ഗര്‍ഭാശയമുഖ കാന്‍സര്‍ ഏതു ഘട്ടത്തില്‍ എത്തിയിട്ടാണോ കണ്ടെത്തുന്നത്, അതിനനുസരിച്ച് ചികിത്സാരീതിയില്‍ വ്യതാസം വരാം. അത് തുടക്കഘട്ടത്തിലാണ് കണ്ടെത്തിയത് എങ്കില്‍ ശസ്ത്രക്രിയയും പിന്നീട് ആവശ്യമെങ്കില്‍ മാത്രം കീമോതെറാപ്പിയോ റേഡിയോതെറാപ്പിയോ മതിയാകും. അവസാനഘട്ടത്തില്‍ ആണെങ്കില്‍ കീമൊറേഡിയേഷനേ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ചികിത്സ കഴിഞ്ഞാലും രോഗത്തില്‍ നിന്നുള്ള അതിജീവനം എങ്ങനെയായിരിക്കും ?

അത്രയേറെ മാരകമല്ലാത്ത ഘട്ടത്തിലാണ് കണ്ടുപിടിക്കുന്നതെങ്കില്‍ ചികിത്സയ്ക്കുശേഷവും സാധാരണയില്‍ നിന്നും കൂടുതലായി സ്‌ക്രീനിംഗ് പരിശോധന ആവശ്യമുണ്ട്. കാന്‍സറിന്റെ തുടക്കഘട്ടത്തില്‍ ഗര്‍ഭപാത്രം എടുത്തുകളഞ്ഞവര്‍ക്കും HPV-DNA പരിശോധന 6 മാസത്തിനും, 1 1/2 വര്‍ഷത്തിനും ശേഷം ചെയ്യേണ്ടതുണ്ട്. ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ പിന്നീടുള്ള 5 വര്‍ഷത്തെ അതിജീവനം 95% ആണ്. എച്ച്പിവി പ്രതിരോധ കുത്തിവെപ്പ് ഗര്‍ഭാശയമുഖക്യാന്‍സറില്‍ നിന്നും 96% സുരക്ഷ നല്‍കുന്നുണ്ട്.

ഗര്‍ഭാശയമുഖക്യാന്‍സറില്‍ നിന്നും സ്വയം പരിരക്ഷിക്കാന്‍ നേരത്തെ തന്നെ കണ്ടെത്തുക എന്ന ആശയം മുന്‍നിര്‍ത്തി മുന്നോട്ട് പോയാല്‍, അതില്‍ നിന്നും അടുത്ത തലമുറയെ തന്നെ നമുക്ക് രക്ഷിക്കാന്‍ സാധിക്കും.ഡോ. ബിനു സെബാസ്റ്റ്യന്‍
Senior consultant- Obstetrics & Gynaecology
Lourdes Hospital, Ernakulam